മുംബൈ: മുംബൈ ആക്രമണത്തിൽ വീരമൃത്യുവരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം ‘മേജർ’ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ജൂലൈ രണ്ട് ചിത്രം പ്രദർശനത്തിന് എത്തും. നടൻ മഹേഷ് ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് താരം പങ്കുവച്ചത്.
മേജർ സന്ദീപ് ഉണ്ണികൃഷ്ണനായെത്തുന്നത് യുവതാരമായ അദിവ് ശേഷ് ആണ്. പോസ്റ്ററിൽ മേജർ സന്ദീപുമായി ആദിവിനുള്ള രൂപസാദൃശ്യം ഏറെ ശ്രദ്ധനേടിയിരുന്നു. ശശി കിരൺ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. ഹിന്ദിയിലും തെലുങ്കിലുമാണ് സിനിമ ഒരുങ്ങുന്നത്.
2020 ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇതിനൊടകം മേജറിന്റെ 70 ശതമാനം ചിത്രീകരണവും പൂർത്തിയായിട്ടുണ്ട്. 2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ 14 സിവിലയന്മാരെ രക്ഷിച്ച എൻഎസ്ജി കമാൻഡോയാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ.















