മംഗലാംകുന്ന് കർണന്റെ വിയോഗം ആനപ്രേമികളെ ഒന്നടങ്കം സങ്കടത്തിലാഴ്‌ത്തിയിരുന്നു. കേരളത്തിലെ നാട്ടാനകളിൽ പ്രമുഖനാണ് കർണൻ. സൂപ്പർ താര പരിവേഷമുള്ള കർണന് സിനിമാ മേഖലകളിലും ആരാധകർ ഏറെയാണ്. കർണനെ കുറിച്ചുള്ള നടൻ ജയറാമിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കർണനോട് എന്നും ആരാധനയാണെന്നും സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും ജയറാം പറയുന്നു.
മനിശ്ശേരി ഹരിയുടെ കൈവശം മനിശ്ശേരി കർണൻ വിലസുമ്പോഴായിരുന്നു ജയറാം ആനയെ സ്വന്തമാക്കാൻ ആശിച്ചത്. കർണൻ വിടപറയുന്നതിൽ അങ്ങേയറ്റം വേദനയുണ്ട്. കുട്ടിക്കാലം തൊട്ടുള്ള അതിയായ മോഹത്തോടെയാണ് താൻ മനിശ്ശേരി ഹരിയോട് ആനയെ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതെന്ന് ജയറാം പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ജനുവരി ഒന്നിനായിരുന്നു അത്. ആനയെ വേണമെന്ന് പറഞ്ഞപ്പോൾ തമാശയാണോ എന്നായിരുന്നു ഹരിയേട്ടന്റെ ചോദ്യം. സിനിമാ തിരക്കുകൾ ഉണ്ടെങ്കിലും നോതക്കാമെന്നും മറുപടി നൽകി. ഹരിയേട്ടന്റെ കയ്യിലെ ആനകളിൽ ഏതിനെ വേണമെങ്കിലും എടുത്തോളാൻ പറഞ്ഞു. കർണനെ തരുമോയെന്ന് ചോദിച്ചു. സമ്മതിച്ചപ്പോൾ അവന്റെ മനസറിയാവുന്ന പാറശ്ശേരി ചാമിയെന്ന പാപ്പാനേയും കൂടെ കൂട്ടി.
ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ വരുന്ന വഴിയാണ് സുന്ദരനായ മറ്റൊരു ആനയെ കാണുന്നത് മനിശ്ശേരി മോഹനനായിരുന്നു അത്. അങ്ങനെയാണ് കർണനെ വിട്ട് മോഹനനെ വാങ്ങിക്കാൻ തീരുമാനിക്കുന്നതെന്ന് ജയറാം പറയുന്നു. വീണ്ടും കർണനെ സ്വന്തമാക്കാൻ സാഹചര്യങ്ങൾ ഒത്തുവന്നിട്ടും വേണ്ടെന്നു വച്ചതായും താരം കൂട്ടിച്ചേർത്തു.















