എറണാകുളം: മലയാള ചലച്ചിത്ര താര സംഘടനയായ അമ്മയ്‌ക്ക് പുതിയ ആസ്ഥാന മന്ദിരം. എറണാകുളം കലൂരിലാണ് മൂന്ന് നിലകളിലായുള്ള പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ആറിന് നിർവ്വഹിക്കും. രാവിലെ പത്ത് മണിയ്‌ക്ക് സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങ് നടക്കുക. നൂറ് പേർക്ക് മാത്രമായിരിക്കും ഉദ്ഘാടന ചടങ്ങിൽ പ്രവേശനം. അമ്മയുടെ പ്രവർത്തനം ആരംഭിച്ച് 25 വർഷങ്ങൾ പിന്നിടുമ്പോഴാണ് ആസ്ഥാന മന്ദിരത്തിന്റെ പണി പൂർത്തിയായിരിക്കുന്നത്.
2019 നവംബറിലായിരുന്നു കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പണി പൂർത്തിയാക്കാനായി ആറു മാസത്തെ സമയ പരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നതെങ്കിലും കൊറോണ അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് പ്രതീക്ഷിച്ചതിലും നീണ്ടു പോകുകയായിരുന്നു. സംഘടനയുടെ ജനറൽ ബോഡി ഒഴികെയുള്ള യോഗങ്ങൾ ഇനി പുതിയ ആസ്ഥാന മന്ദിരത്തിൽ വെച്ചായിരിക്കും.















