തിരുവനന്തപുരം: കോവളത്തെ സ്പാകളിൽ 16-കാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ കേസിൽ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ. പെൺകുട്ടിയെ സ്പായിലെത്തിക്കുന്നതിലും റാക്കറ്റിന്റെ പ്രവർത്തനങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സ്പായുടെ നടത്തിപ്പ് ബിനാമി പേരിലായിരുന്നുവെന്നും വരുമാനം അനുരൂപിന്റെ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടായിട്ടും പീഡനം തുടർന്നെന്നാണ് പരാതി. ഒരു ദിവസം പതിനഞ്ചോളം പേർ കുട്ടിയെ പീഡിപ്പിച്ചിരുന്നതായും ദേഹത്ത് പൊള്ളലേൽപ്പിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ വെളിപ്പെട്ടു. കേസിൽ നേരത്തേ അറസ്റ്റിലായ സ്പാ ഉടമകളെയും പെൺകുട്ടിയുടെ മാതൃസഹോദരിയെയും അവരുടെ ഭർത്താവിനെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
സ്പാകളിലെത്തിയവരും നിരീക്ഷണത്തിൽ
കേസുമായി ബന്ധപ്പെട്ട് കോവളം മേഖലയിലെ 60-ലധികം സ്പാകളിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. ആവശ്യമായ രേഖകളും നിയമപരമായ മാനദണ്ഡങ്ങളും പാലിക്കാത്ത 16 സ്പാകൾ അടച്ചുപൂട്ടിയതായി പൊലീസ് അറിയിച്ചു. പെൺകുട്ടി പീഡനത്തിനിരയായെന്ന് പറയുന്ന സ്പാകളിൽ സിസിടിവി സംവിധാനങ്ങളുടെ അഭാവവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്നര മാസത്തെ സ്പാ സന്ദർശകരുടെ പട്ടിക തയ്യാറാക്കുകയാണ് പൊലീസ്. പട്ടികയിലുള്ളവരിൽ പെൺകുട്ടി തിരിച്ചറിയുന്നവരെ കണ്ടെത്താൻ തിരിച്ചറിയൽ പരേഡ് നടത്താനും നീക്കമുണ്ട്. ബാങ്ക് ഇടപാടുകളും പെൺകുട്ടിയെ സ്പാകളിലെത്തിച്ച ഓട്ടോ ഡ്രൈവർമാരുടെ പങ്കും പരിശോധിക്കുന്നുണ്ട്.
മനുഷ്യക്കടത്ത് കേസും
മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് ജോലിക്ക് എന്ന് പറഞ്ഞ് മാതൃസഹോദരിയും അവരുടെ ആൺസുഹൃത്തും ചേർന്നാണ് പെൺകുട്ടിയെ ഒരു വർഷം മുൻപ് കോവളത്ത് എത്തിച്ചത്. ബെംഗളൂരുവിലുള്ള യുവതി മുഖേന സ്പാ ഉടമ സജിത്താണ് കുട്ടിയെ കോവളത്തെത്തിച്ചതെന്നും പൊലീസ് കണ്ടെത്തി. സംഭവത്തിൽ മനുഷ്യക്കടത്ത് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.















