ബംഗളൂരു: ഇന്ത്യൻ അതിർത്തികളെല്ലാം വ്യോമസേനയുടെ ശക്തമായ കാവലിലാണെന്നും റഫേലിന്റെ സാന്നിദ്ധ്യം ചൈനയുടെ ഉറക്കം കെടുത്തിയെന്നും വ്യോമസേനാ മേധാവി. ബംഗളൂരുവിലെ എയറോ ഇന്ത്യ ഷോയ്‌ക്കിടെയാണ് ഇന്ത്യൻ വ്യോമസേനയുടെ കരുത്തിനെ ബദൗരിയ ഓർമ്മപ്പെടുത്തിയത്.
ലഡാക് കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തിൽ ചൈന ജെ-20 വിമാനങ്ങൾ അവരുടെ അതിർത്തികളിൽ വിന്യസിച്ചിരിക്കുകയാണ്. എന്നാൽ ഫ്രഞ്ച് നിർമ്മിതമായ അത്യാധുനിക റഫേൽ ഇന്ത്യ സ്വന്തമാക്കിയതോടെ ചൈനയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിയെന്നും ആർ.കെ.എസ് ബദൗരിയ പറഞ്ഞു.
നിലവിലെ അവസ്ഥകളെല്ലാം ചർച്ചകളെ അടിസ്ഥാനമാക്കിയാണ്. അത് തുടരുകയാണ്. എന്നാൽ നമ്മുടെ സൈനികരേയും വിമാനങ്ങളേയും നാം വിന്യസിച്ചിരിക്കുകയാണ്. ഏറെ ജാഗ്രതയോടെയാണ് ഇന്ത്യൻ സൈന്യം അതിർത്തി വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ തയ്യാറാണെന്നും ബദൗരിയ അറിയിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ കരുത്തായി തേജസ്സ് വിമാനങ്ങളും എത്തുന്നതോടെ കാര്യങ്ങൾ ഇന്ത്യയുടെ നിയന്ത്രണത്തിൽ തന്നെ നിൽക്കുമെന്നും ബദൗരിയ പറഞ്ഞു.















