ന്യൂഡൽഹി:തുറമുഖങ്ങളെ സ്വയംഭരണം ഉറപ്പുവരുത്തുന്ന ബില്ലിന് അംഗീകാരം. രാജ്യസഭയിലാണ് ഇന്ന് ബില്ല് പാസ്സായത്. രാജ്യത്തെ പ്രമുഖമായ 12 തുറമുഖ ങ്ങൾക്കാണ് സ്വയം തീരുമാനങ്ങളെടുക്കാനുള്ള സംവിധാനം അനുവദിച്ച് നൽകിയത്. കേന്ദ്ര ഷിപ്പിംഗ് കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ അവതരിപ്പിച്ച ബില്ല് രാജ്യസഭയിൽ 44 നെതിരെ 84 വോട്ടിനാണ് പാസ്സാക്കിയത്. ലോകസഭയിൽ കഴിഞ്ഞ സെപ്തംബറിൽ ബില്ല് പാസ്സായിരുന്നു.
തുറമുഖങ്ങളുടെ വികസനം ത്വരിതപ്പെടുത്താനും ഭരണരംഗത്ത് കാര്യക്ഷമത കൂട്ടാനുമാണ് ബില്ലിൽ വ്യവസ്ഥചെയ്തിട്ടുള്ളത്. എല്ലാ തുറമുഖത്തിനും പ്രത്യേകം ബോർഡ് രൂപീകരിച്ചുകൊണ്ടാണ് സംവിധാനം ഒരുക്കേണ്ടത്. തുറമുഖങ്ങളുടെ സ്വകാര്യവൽക്കരണമാണിതെന്ന പ്രതിപക്ഷത്തെ അംഗങ്ങളുടെ സംശയത്തിന് കേന്ദ്രസർക്കാർ മറുപടി നൽകി. തുറമുഖങ്ങൾക്ക് അവരുടെ പ്രവർത്തന കാര്യത്തിൽ വളരെ വേഗം തീരുമാനം എടുക്കാനുദ്ദേശിച്ചുള്ള സംവിധാനം മാത്രമാണെന്നും പുറമേ നിന്നുള്ള സ്വകാര്യ ഇടപെടൽ അനുവദനീയമല്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.















