തിരുവനന്തപുരം: നടൻ ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മേപ്പടിയാന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. കുടവയറുമായി വ്യത്യസ്ത ലുക്കിലുള്ള താരത്തിന്റെ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ഹൃദയം ഏറ്റെടുത്തു കഴിഞ്ഞു. ഫിറ്റ്‌നസിൽ ഏറെ ശ്രദ്ധ പുലർത്തുന്ന താരത്തിന്റെ പുതിയ ലുക്ക് തന്നെയാണ് ആരാധകർക്കിടയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം.
ലുക്കിന് പിന്നിലുള്ള തന്റെ കഷ്ടപ്പാടുകളെ കുറിച്ച് ആരാധകരോട് മനസു തുറന്നിരിക്കുകയാണ് താരമിപ്പോൾ. ജോലി നഷ്ടപ്പെടാതിരിക്കാനും മികച്ചനിലവാരമുള്ള ഒരു കലാരൂപത്തിനും വേണ്ടിയാണ് ആരോഗ്യമുള്ള ജീവിത രീതിയും നല്ല ശരീരവും ഉപേക്ഷിക്കേണ്ടി വന്നതെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ തുറന്നു പറച്ചിൽ.
വളരെയേറെ പ്രയാസപ്പെട്ടാണ് കുടവയറൊക്കെയുള്ള വീർത്ത ശരീരഘടന ഉണ്ടാക്കിയെടുത്തത്. മേപ്പടിയാൻ പ്രൊജക്ടിന് അനുവാദം നൽകുന്ന സമയത്ത് മാമാങ്കത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു യോദ്ധാവിന്റെ വേഷമായിരുന്നു മാമാങ്കത്തിൽ ചെയ്തിരുന്നത്. മസിലുകൾ ഉള്ള ശരീരമായിരുന്നു അന്ന് ഉണ്ടായിരുന്നത്. എന്നാൽ മേപ്പടിയാനിലെ ജയകൃഷ്ണന് മസിലുകളുള്ള ശരീരഘടന ചേരില്ലെന്ന് സിനിമയുടെ സംവിധായകൻ പറഞ്ഞു.
വ്യത്യസ്തമായ മനോഭാവവും ശരീരഭാഷയുമാണ് മേപ്പടിയാനിലെ ജയകൃഷ്ണന് വേണ്ടത്. അതിനാൽ തന്നെ പേടിയോടെയാണെങ്കിലും വ്യത്യസ്തമായ ജീവിത രീതിയിലേക്ക് താനും കടന്നു. ഒരു നടനെന്ന നിലയിൽ തന്റെ ആരോഗ്യകരമായ ജീവിതശൈലി അലങ്കോലപ്പെടുത്താൻ നടത്തിയ എല്ലാ ശ്രമങ്ങൾക്കും മികച്ച ഫലങ്ങൾ നൽകുമെന്നാണ് വിശ്വസിക്കുന്നത്. മസിലുകളുള്ള ശരീരം സിനിമയിലെ ചില കഥാപാത്രങ്ങൾക്ക് യോജിക്കില്ല. അതിനാൽ ജോലി നഷ്ടപ്പെടാതിരിക്കാനായി ഇത്തരം അഡ്ജസ്റ്റുമെന്റുകൾ സഹിച്ചേ മതിയാകൂവെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.















