കട്ടക്: ഒഡീഷയിലെ വന്യമൃഗസംരക്ഷണ കേന്ദ്ര പരിസരത്ത് ആനകൾ തുടർച്ചയായി ചരിയുന്നതായി റിപ്പോർട്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറ് ആനകളാണ് ചരിഞ്ഞത്. മുഖ്യമന്ത്രി നവീൻ പട്നായികാണ് അന്വേഷണം നടത്താൻ നിർദേശം നൽകിയത്.
കരാൾപേറ്റ് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലാണ് ആനകൾ ചരിയുന്നത്. കേന്ദ്രസർക്കാറിന്റെ വന്യജീവി സംരക്ഷണ വകുപ്പും അന്വേഷണം നടത്തുമെന്ന് ഒഡീഷ മുഖ്യമന്ത്രി അറിയിച്ചു. ഗ്രാമീണ മേഖലകളിൽ മുൻപ് ആനകൾ ചരിയുന്നതും ആനകളുടെ ആക്രമണത്തിൽ ഗ്രാമവാസികൾ കൊല്ലപ്പെടുന്നതും നിയന്ത്രിക്കാൻ വന്യമൃഗ സംരക്ഷണ നിയമം ശക്തമാക്കിയിരുന്നു.
2016 മുതല്‍ 19 വരെയുള്ള കണക്കനുസരിച്ച് 246 ആനകള്‍ വിവിധ കാരണങ്ങളാല്‍ കൊല്ലപ്പെട്ടതായാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. 2017ലെ മൃഗസെന്‍സസ് അനുസരിച്ച് സംസ്ഥാനത്ത് 1976 ആനകളുണ്ടെന്നാണ് കണ്ടെത്തിയത്. അപകടങ്ങള്‍, വൈദ്യുതാഘാതമേല്ക്കല്, സ്വാഭാവികമോ മറ്റ് അസുഖങ്ങളോ കൊണ്ടുണ്ടാകുന്ന മരണങ്ങള് എന്നിവയാണ് ആനകള്‍ കൊല്ലപ്പെടാന്‍ കാരണമെന്നാണ് വനംവകുപ്പ് രേഖകള്‍ പറയുന്നതെന്നും മന്ത്രി വെളിപ്പെടുത്തി.
Comments