ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി നടൻ മോഹൻലാൽ ട്വിറ്ററിൽ ആരാധകർക്ക് താനുമായി സംവധിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. നിരവധി പേരാണ് താരത്തോട് ചോദ്യങ്ങൾ ചോദിച്ചെത്തിയത്.
എല്ലാ ചോദ്യങ്ങൾക്കും താരം മറുപടിയും നൽകി. ശോഭനയുമായി ഭാവിയിൽ ഒരു ചിത്രം ചെയ്യാൻ സാദ്ധ്യതയുണ്ടോ എന്നായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. താനും കാത്തിരിക്കുകയാണ്, അങ്ങനെ സംഭവിക്കട്ടെ എന്നാണ് ലാലേട്ടൻ ആരാധകന് നൽകിയ മറുപടി. ദൃശ്യത്തിന് മൂന്നാം ഭാഗമുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ആദ്യം ദൃശ്യം 2 കാണൂ എന്നിട്ടാകാം എന്ന മറുപടിയാണ് താരം നൽകിയത്.
ഒടിടി റിലീസിന് ശേഷം ദൃശ്യം തീയേറ്ററിൽ പ്രദർശിപ്പിക്കുമോ എന്ന ചോദ്യത്തിന് സാദ്ധ്യതയുണ്ടെന്നായിരുന്നു മറുപടി. അടുത്തായി താൻ ചെയ്യുന്ന ചിത്രം ബറോസ് ആണെന്നും താനിപ്പോൾ കൊച്ചിയിലുണ്ടെന്നും ആരാധകർക്കുള്ള മറുപടിയിൽ മോഹൻലാൽ പറഞ്ഞു.
പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് ചോദിച്ചപ്പോൾ സമർഥൻ എന്നായിരുന്നു മറുപടി. ജഗതി ശ്രീകുമാർ ദ കംപ്ലീറ്റ് ആക്ടർ എന്നും മമ്മൂട്ടി കിടു എന്നുമായിരുന്നു താരത്തിന്റെ മറുപടി. തന്റെ ജന്മദിനമാണ് ആശംസ പറയുമോ എന്ന് ചോദിച്ച ആരാധകന് ഉമ്മ നൽകിയും മോഹൻലാൽ ഞെട്ടിച്ചു.















