കുടുംബ ജീവിതത്തിന്റേയും സ്‌നേഹ ബന്ധത്തിന്റേയും ആകസ്മികത അടയാളപ്പെടുത്തിയെത്തിയ അറേഞ്ച്ഡ് മാര്യേജ് എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ഗരംമസാല പ്രൈമിന്റെ ബാനറിൽ ആഘോഷ് വൈഷ്ണവം സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച ഷോർട്ട് മൂവി സീരിസിന്റെ ആദ്യ ചിത്രം കുടുംബ പ്രേക്ഷകർക്കിടയിൽ ഇപ്പോൾ ചർച്ചാ വിഷയമാവുകയാണ്.
നടി രശ്മി ബോബൻ, മാദ്ധ്യമ പ്രവർത്തകനായ കെ.പി സുരേഷ് കുമാർ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. സ്റ്റീജ, രാഹുൽ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. റിട്ടയേർഡ് എസ്പി ശേഖരന്റേയും അദ്ധ്യാപികയായ ചിത്രയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നു ചേർന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ കാതൽ. ഇതിന് നിമിത്തമായത് സ്വന്തം മക്കളുടെ പെണ്ണുകാണലും.
ഡോ. അക്ഷരാ വിജയന്റെ കഥയ്‌ക്ക് ശിവകൃഷ്ണയാണ് തിരക്കഥയും സംഭാഷണവും നിർവഹിച്ചത്. രശ്മി ബോബന്റെ വ്യത്യസ്തമായ അഭിനയ ശൈലിക്ക് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ഓർമ്മ, ക്ഷണം, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളിലൂടെ അഭിനയ രംഗത്ത് ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന കെ.പി സുരേഷ് കുമാറും മികച്ച അഭിനയം തന്നെയാണ് കാഴ്ചവെച്ചത്.
ആഘോഷ് വൈഷ്ണവത്തിന്റെ മനോഹര ദൃശ്യാവിഷ്‌കരണത്തിനൊപ്പം ജോസി ആലപ്പുഴയുടെ പുതുമയേറിയ പശ്ചാത്തല സംഗീതം കൂടെ ചേർന്നപ്പോൾ പ്രേക്ഷകർക്ക് ആസ്വാദത്തിന്റെ പുതിയ അനുഭവം തന്നെയാവുകയാണ് അറേഞ്ച്ഡ് മാര്യേജ്. അയ്യപ്പനും കോശിയും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് മേയ്‌ക്കപ്പ് ഒരുക്കിയ നരസിംഹ സ്വാമിയാണ് കഥാപാത്രങ്ങളെ ഒരുക്കിയിരിക്കുന്നത്. കെ.പി സുരേഷ് കുമാർ അവതരിപ്പിച്ച റിട്ടയേർഡ് എസ്.പി ശേഖരൻ എന്ന കഥാപാത്രത്തിന്റെ മെയ്‌ക്കോവർ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഒരുത്തി, ഞരമ്പ്, അഡൾട്ട് എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ആഘോഷ് വൈഷ്ണവം ഒരുക്കിയ ഈ ഹ്രസ്വചിത്രവും വിജയം ആവർത്തിക്കുകയാണ്. ജിജോ ജോസാണ് അസോസിയേറ്റ് ഡയറക്ടർ. പെണ്ണുകാണലും സൂപ്പർ ക്ലൈമാക്സുമായെത്തിയ അറേഞ്ച്ഡ് മാര്യേജിനെ സോഷ്യൽ മീഡിയ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.















