തിരുവനന്തപുരം: ഒടിടി റിലീസായിട്ടും ആവേശം ഒട്ടും ചോരാതെ കൈയ്യടി നേടി ദൃശ്യം 2 മുന്നേറുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾക്കും പിന്തുണയ്ക്കും മോഹൻലാൽ നന്ദി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ആരാധകർക്ക് അദ്ദേഹം നന്ദി പറഞ്ഞത്.
ദൃശ്യം 2ന് ലഭിക്കുന്ന അത്ഭുതകരമായ പ്രതികരണങ്ങളിൽ അതിയായ സന്തോഷം. നിങ്ങളിൽ നല്ലൊരു വിഭാഗം ആളുകളും സിനിമ കാണുകയും വിളിച്ചും സന്ദേശങ്ങളയച്ചും അഭിനന്ദനം അറിയിക്കുകയും ചെയ്തു. ദൃശ്യം 2ന്റെ വിജയം നല്ല സിനിമകളെ ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യും എന്നതിന്റെ തെളിവാണെന്ന് മോഹൻലാൽ പറഞ്ഞു.
ജനങ്ങൾ നൽകുന്ന സ്നേഹവും പിന്തുണയുമാണ് നമ്മളെ കൂടുതൽ മെച്ചപ്പെടുത്താൻ പ്രേരിപ്പിക്കുന്നത്. അകമഴിഞ്ഞ സ്നേഹത്തിന് എല്ലാവർക്കും നന്ദി പറഞ്ഞ മോഹൻലാൽ തനിക്കും ദൃശ്യം ടീമിനും ഇത് വളരെ വലിയ കാര്യമാണെന്നും കൂട്ടിച്ചേർത്തു. ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചെന്നാണ് ആദ്യ ദിനത്തിലെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
Comments