മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ നിർമ്മിച്ച ദൃശ്യം 2 എന്ന സിനിമ ആമസോൺ പ്രൈമിൽ റിലീസ് ആയതിന് പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങൾ ലാലേട്ടൻ ആരാധകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സിനിമയിലെ ഓരോ രംഗങ്ങളും ചൂണ്ടിക്കാട്ടി രസകരമായ ചർച്ചകളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ നടക്കുന്നത്. അതിൽ ഒരു ചർച്ചാ വിഷയമാണ് ലാലേട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രമായ ജോർജുകുട്ടിയുടെ ഫോർഡ് എക്കോ സ്പോർട്ട് കാർ.
ജോർജുകുട്ടിയുടെ കാറിന്റെ നമ്പർ വ്യാജമാണെന്നും അത് ഹോണ്ട ഡിയോ സ്കൂട്ടറിന്റെ പേരിലുള്ള നമ്പറാണെന്നുമാണ് പുതിയ കണ്ടെത്തൽ. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നിരവധി പേരാണ് തെളിവ് സഹിതം ഇത് പങ്കുവെച്ചിരിക്കുന്നത്.
സംഭവം വൈറലായതോടെ ഇത് ഗതാഗത വകുപ്പിന്റെ വീഴ്ചയാണെന്നും വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച ജോർജുകുട്ടിയുടെ പേരിൽ മോട്ടോർ വാഹന വകുപ്പ് നടപടി എടുക്കണമെന്നും ഉള്ള രസകരമായ കമന്റുകളാണ് വരുന്നത്. ജോർജുകുട്ടിയ്ക്ക് വേണ്ടി വാദിക്കാൻ അവസാനം സിനിമയിലെ വക്കീലായ രേണുക വരും എന്നുള്ള പ്രതികരണങ്ങളും വരുന്നുണ്ട്. ഇത് മോട്ടോർ വാഹന വകുപ്പിന്റെ വീഴ്ചയല്ലേ എന്നും ചിലർ ചോദിക്കുന്നുണ്ട്.
Comments