കോഴിക്കോട്: 1921ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി അലി അക്ബർ സംവിധാനം ചെയ്യുന്ന ‘പുഴ മുതൽ പുഴ വരെ’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. വയനാട്ടിലാണ് ആദ്യ ഘട്ട ചിത്രീകരണം നടക്കുന്നത്. ലൊക്കേഷനിൽ നിന്ന് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് അലി അക്ബർ ഫേസ്ബുക്ക് ലൈവിലെത്തി.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ തമിഴിലെ പ്രമുഖ നടനായ തലൈവാസൽ വിജയ് ആണ് അവതരിപ്പിക്കുന്നത്. അലി അക്ബറിന്റെ ഫേസ്ബുക്ക് ലൈവിൽ വിജയ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു നടൻ എന്ന നിലയിൽ ആവേശമുണ്ടാക്കുന്ന കഥാപാത്രമാണിതെന്ന് വിജയ് പറഞ്ഞു. 300ഓളം സിനിമകളിൽ വേഷമിട്ടെങ്കിലും ഈ ചിത്രവും കഥാപാത്രവും വളരെയേറെ ആവേശം നൽകിയെന്നും അദ്ദേഹം പ്രതികരിച്ചു.
മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി 151 സീനുകളോളമുള്ള വലിയ സിനിമയാണ് മമധർമ്മ ഒരുക്കുന്നത്. 1921ൽ നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ പൂർണമായും പൊതുജന പങ്കാളിത്തത്തോടെ അണിയിച്ചൊരുക്കുന്ന ചിത്രമാണ്. ഷൂട്ടിംഗ് നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും എല്ലാവരുടെയും സഹകരണം ഇനിയും ആവശ്യമാണെന്നും അലി അക്ബർ പറഞ്ഞു.















