ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്‌സിൻ രണ്ടാം ഘട്ടത്തിൽ ഇന്ന് ഇന്ത്യയുടെ നീതിപീഠത്തിലെ ന്യായാധിപന്മാർക്ക് അവസരം. സുപ്രിംകോടതിയിലെ എല്ലാ ന്യായാധിപന്മാർക്കും ഇന്ന്് വാക്‌സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു.
മാർച്ച് 24 മുതൽ എല്ലാ കോടതി നടപടികളും ഓൺലൈനിലാക്കിയ ശേഷം പഴയ നിലയിലേക്ക് കോടതി പ്രവർത്തനം മാറിയിട്ടില്ല. കോടതികളുടെ പ്രവർത്തനം സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതിന് മുന്നോടിയായാണ് വാക്‌സിൻ രണ്ടാം ഘട്ടത്തിന്റെ തുടക്കത്തിൽ എടുക്കുന്നതെന്ന് കേന്ദ്ര നിയമകാര്യവകുപ്പ് അറിയിച്ചു. നിലവിലെ സുപ്രീം കോടതിയിലെ ജഡ്ജിമാരായി 30 പേരിൽ 59 വയസ്സുള്ള ജസ്റ്റിസ് സൂര്യ കാന്ത് ഒഴിച്ച് ബാക്കിയുള്ളവരാണ് ഇന്ന് വാക്‌സിൻ എടുക്കുന്നത്.
സുപ്രിംകോടതിയിലെ നിലവിലെ ജഡ്ജിമാർ, മുൻ ജഡ്ജിമാർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ഇന്നുമുതൽ സൗകര്യമുണ്ടായിരിക്കും. ഇന്നലെ ആൾ ഇന്ത്യാ മെഡിക്കൽ സയൻസിൽ പ്രധാനമന്ത്രി കോവാക്‌സിനെടുത്ത് മാതൃക കാട്ടിയിരുന്നു. തുടർന്ന് അമിത് ഷായും മറ്റ് കേന്ദ്രമന്ത്രിമാരും വാക്‌സിൻ സ്വീകരിച്ച് തുടങ്ങി. ഇന്നലെ മാർച്ച് ഒന്നാം തീയതിയോടെ ഇന്ത്യയിലെ വാക്‌സിനേഷന്റെ നാൽപ്പതാം ദിവസവും പൂർത്തിയായിരുന്നു. രാജ്യത്തെ വാക്‌സിനേഷൻ ഇതുവരെ 1.47 കോടികടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.















