കൊച്ചി: സ്വർണക്കടത്ത് കേസിൽ വിദേശ അന്വേഷണം അക്കരെ അക്കരെ അക്കരെ സിനിമയിലെ ദാസനും വിജയനും ചെയ്തത് പോലെ എളുപ്പമല്ലെന്ന് എൻഐഎ കോടതിയിൽ. സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് എൻഐഎ അഭിഭാഷകൻ അർജുൻ അമ്പലപ്പറ്റി കോടതിയിൽ ഈ പരാമർശം നടത്തിയത്. നാട്ടിൽ നിന്നും കാണാതായ സ്വർണക്കിരീടം തേടി മോഹൻലാലും ശ്രീനവാസനും അമേരിക്കയിൽ പോകുന്നതാണ് സിനിമയിലെ കഥ.
വിദേശത്തെ അന്വേഷണം സമയമെടുക്കുന്ന പ്രക്രിയയാണെന്ന് എൻഐഎ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എവിടെനിന്നൊക്കെ കള്ളക്കടത്തിനായി സ്വർണം വാങ്ങിയെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. യുഎഇ അധികൃതരുടെ മേൽനോട്ടത്തിലാണ് വിദേശത്തെ അന്വേഷണം നടത്തേണ്ടതെന്നും എൻഐഎ അറിയിച്ചു. സ്വർണക്കടത്ത് കേസിൽ രാജ്യാന്തര ബന്ധമുണ്ടെന്ന് പറയുന്ന എൻഐഎ കുറ്റപത്രത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികൾക്കെതിരെ യുഎപിഎ ചുമത്താൻ പതിനഞ്ചാം വകുപ്പ് പ്രകാരം സ്വർണക്കടത്തിലൂടെ നേടിയ പണം ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ടതില്ലെന്നും എൻഐഎ കോടതിയിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിന് പുറമെ കേന്ദ്ര ഇക്കണോമിക്സ് ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരങ്ങളും സ്വർണക്കടത്ത് കേസ് ഏറ്റെടുക്കാൻ കാരണമായെന്നും എൻഐഎ അറിയിച്ചു.
Comments