കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ 86.95 ലക്ഷം രൂപയുടെ ഭൂസ്വത്ത്. പിണറായിയിലെ വീടും സ്ഥലവും ഉൾപ്പെടെയാണിത്. മുഖ്യമന്ത്രിയുടെ പേരിൽ 51.95 ലക്ഷം രൂപയുടെ സ്വത്തും ഭാര്യയുടെ പേരിൽ 35 ലക്ഷം രൂപയുടെ സ്വത്തുമാണുള്ളത്. ധർമ്മടം നിയമസഭാ മണ്ഡലത്തിലേക്ക് പിണറായി വിജയൻ നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം കാണിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ കൈയ്യിൽ പണമായി 10,000 രൂപയും ഭാര്യയുടെ കൈയ്യിൽ 2000 രൂപയുമാണുള്ളത്. 3,30,000 രൂപയുടെ സ്വർണമാണ് ഭാര്യയ്ക്കുള്ളത്. ബാങ്ക് നിക്ഷേപം ഓഹരയിനത്തിലായി പിണറായി വിജയന് 204048 രൂപയും ഭാര്യയ്ക്ക് 2976717 രൂപയുമുണ്ട്. പിണറായിക്കോ ഭാര്യയ്ക്കോ സ്വന്തമായി വാഹനമില്ല. ബാങ്ക് വായ്പയോ മറ്റ് ബാദ്ധ്യതകളോയില്ലെന്നും സത്യവാങ്മൂലത്തിൽ സൂചിപ്പിക്കുന്നു.
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ പിണറായി വിജയന് ഒരു ലക്ഷം രൂപയുടേയും ഭാര്യയ്ക്ക് രണ്ട് ലക്ഷം രൂപയുടേയും ഓഹരിയുണ്ട്. മലയാളം കമ്മ്യൂണിക്കേഷനിൽ 10,000 രൂപയുടെ ഓഹരിയും ഭാര്യയ്ക്ക് 20,000 രൂപയുടെ ഓഹരിയുമുണ്ട്. കൂടാതെ മൂന്ന് കേസുകളുടെ കാര്യവും പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ പരാമർശിച്ചുണ്ട്.
പിണറായി വിജയൻ ടി നന്ദകുമാറിനെതിരെ നൽകിയ നഷ്ടപരിഹാരക്കേസുമായി ബന്ധപ്പെട്ട് നന്ദകുമാർ ഹൈക്കോടതിയിൽ നൽകിയ അനുബന്ധകേസും സുപ്രീം കോടതിയിൽ പെൻഡിങ്ങിലുള്ള ലാവ്ലിൻ കേസും റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട മറ്റൊരു കേസുമാണ് പരാമർശിച്ചിട്ടുള്ളത്. ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കൊറോണയുടെ സാഹചര്യത്തിൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയായിരുന്നു പത്രിക സമർപ്പണം.
Comments