തിരുവനന്തപുരം: തലസ്ഥാനത്ത് ആവേശമായി നടനും എൻഡിഎ സ്ഥാനാർത്ഥിയുമായ നടൻ കൃഷ്ണകുമാർ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വീടുകൾ കയറിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ഉജ്ജ്വല സ്വീകരണമാണ് താരത്തിന് ഓരോ സ്ഥലത്തും ലഭിക്കുന്നത്. തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ നിന്നാണ് കൃഷ്ണകുമാർ ജനവിധി തേടുന്നത്.
തിരുവനന്തപുരത്ത് ഒരുപാട് മാറ്റങ്ങൾ ആവശ്യമാണെന്ന് കൃഷ്ണ കുമാർ പറയുന്നു. ടോയ്ലറ്റും അമ്മയ്ക്കും കുഞ്ഞിനും വിശ്രമിക്കാൻ സൗകര്യമുള്ളതുമായ ബസ് സ്റ്റോപ്പുകൾ, ഡ്രെയ്നേജ് മാലിന്യ പ്രശ്നങ്ങൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ബിജെപിയ്ക്ക് അസാദ്ധ്യമായ സാദ്ധ്യതയുണ്ടെന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കൃഷ്ണ കുമാർ പ്രതികരിച്ചത്.
ഫെബ്രുവരിയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിദ്ധ്യത്തിലായിരുന്നു കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യവും അദ്ദേഹം നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. ജനങ്ങളെ സേവിക്കാൻ സ്ഥാനങ്ങളും അധികാരങ്ങളും ആവശ്യമാണ് എന്നാണ് താരം പറഞ്ഞത്.
Comments