സോപോർ: ജമ്മുകശ്മീരിലെ സോപോറിലെ ആക്രമണത്തിൽ ലഷ്‌കർ ഇ തൊയ്ബയുടെ പങ്ക് സ്ഥിരീകരിച്ച് ജമ്മുകശ്മീർ പോലീസ്. കൗൺസിലറുടേയും പോലീസ് ഉദ്യോഗസ്ഥന്റെയും മരണത്തിന് കാരണമായ ആക്രമണമാണ് ഇന്നലെ ഉച്ചയ്‌ക്ക് നടന്നത്. മുൻസിപ്പൽ കൗൺസിലർമാരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ഭീകരർ ആക്രമിക്കുകയായിരുന്നു. ജമ്മുകശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുദസർ പണ്ഡിറ്റ് എന്ന ലഷ്‌കർ ഭീകരനെയാണ് പോലീസ് സംശയിക്കുന്നത്. വിദേശ ഭീകര നേതാക്കളുമായി നേരിട്ട് ബന്ധമുള്ളയാളാണ് മുദസറെന്നും പോലീസ് പറഞ്ഞു.
സോപോറിലെ ലോൺ ബിൽഡിംഗ് പ്രദേശത്താണ് കൗൺസിലർമാരും പോലീസ് ഉദ്യോഗസ്ഥരും ആക്രമിക്കപ്പെട്ടത്. കശ്മീരിലെ കൗൺസിലർമാരായ റിയാസ് അഹമ്മദ് പീർ, ഷാംസ്-ഉദ്-ദിൻ പീർ, പോലീസുദ്യോഗസ്ഥനായ ഷഫ്ഖാത് നസീർ എന്നിവർക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഇതിൽ റിയാസ് അഹമ്മദും ഷഫ്ഖാത് അഹമ്മദും ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി. റിയാസ് അഹമ്മദ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ജമ്മുകശ്മീർ ഐ.ജി വിജയ കുമാർ സംഭവ സ്ഥലം സന്ദർശിക്കുകയും സെക്ടർ 5ലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു. സി.ആർ.പി.എഫ് ഡി.ഐ.ജിയും സോപോർ സൂപ്രണ്ടും യോഗത്തിൽ സ്ഥിതി ഗതികൾ ചർച്ച ചെയ്തു. വരും ദിവസങ്ങളിൽ സോപോറിൽ എടുക്കേണ്ട
റെയ്ഡ് നടപടികളും ഭാവിയിൽ സോപോർ മേഖലയിൽ ഭീകരാക്രമണം ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട കർമ്മപദ്ധതികളും ഉദ്യോഗസ്ഥർ ചർച്ച ചെയ്തു.















