മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. 25 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ അനുവിദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചിരിക്കുന്നത്.
കൊറോണ മഹാമാരി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്നും ഉദ്ധവ് താക്കറെ കത്തിൽ കുറിയ്ക്കുന്നു. കഴിഞ്ഞ ദിവസം അരലക്ഷത്തിൽ അധികം പേർക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. മുംബൈയിൽ മാത്രം പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഈ പശ്ചാത്തലത്തിലാണ് വാക്സിനേഷൻ കൂടുതൽ വിപുലമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്.
കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. രാത്രികാല കർഫ്യൂവും, വാരാന്ത്യത്തിൽ ലോക്ഡൗണും ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. രാജ്യത്ത് ആകെ രോഗികളിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. മരണ നിരക്കും മഹാരാഷ്ട്രയിൽ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയ്ക്ക് ഉദ്ധവ് താക്കറെ കത്തയച്ചത്.
Comments