തിരുവനന്തപുരം: സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കൊറോണ പ്രതിരോധ വാക്സിനുകളെത്തിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ. ഭാരത് ബയോടെക്കിന്റെ കൊവാക്സിനാണ് സംസ്ഥാനത്തെത്തിയത്. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്സിനുകളുമാണ് എത്തിച്ചത്.
കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വാക്സിനുകൾ നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വാക്സിൻ എത്തിച്ചത്. അതേസമയം നിലവിൽ സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് വാക്സിൻ ഒരു ദിവസം വിതരണം ചെയ്യുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്ക്. ഇതനുസരിച്ച് നിലവിൽ ഒരു ദിവസത്തേയ്ക്ക് കൂടിയുള്ള വാക്സിൻ മാത്രമാണ് എത്തിയിട്ടുള്ളത്.
50 ലക്ഷം വാക്സിൻ ഡോസുകളാണ് മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധനോട് ആവശ്യപ്പെട്ടിരുന്നത്. 45 ദിവസത്തിനുള്ളിൽ പരമാവധി ആളുകളിലേക്ക് വാക്സിൻ എത്തിയ്ക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
Comments