തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി. സാംപിൾ വെടിക്കെട്ടും കൊറോണ പ്രോട്ടൊകോൾ പാലിച്ച് നടത്താൻ അനുമതി നൽകി. കേന്ദ്ര ഏജൻസിയായ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷനാണ് അനുമതി നൽകിയത്. ഏപ്രിൽ 17 മുതൽ 24 വരെയുള്ള ദിവസങ്ങളിലെ വെടിക്കെട്ടിനാണ് അനുമതി.
വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണം നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര എക്സ്പ്ലോസീവ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകും വെടിക്കെട്ട് സാമഗ്രികൾ പരിശോധിക്കുക.
അതേസമയം തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്താൻ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. പൂരത്തിൽ പങ്കെടുക്കുന്നവർക്ക് കൊറോണ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിരുന്നു.
പൂരത്തിനെത്തുന്നവർക്ക് മാസ്ക് നിർബന്ധമാക്കും. 45 വയസിന് മുകളിൽ ഉള്ളവർ പ്രതിരോധ വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കേറ്റ് ഹാജരാക്കണം. 10 വയസ്സിൽ താഴെ ഉള്ള കുട്ടികളെ പൂരപറമ്പിൽ പ്രവേശിപ്പിക്കില്ല. ഈ മാസം 17നാണ് പൂരം കൊടിയേറുക. 23നാണ് തൃശൂർ പൂരം.
Comments