തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഇന്ന് മുതൽ സർവ്വീസ് നടത്തും. ഒറ്റ, ഇരട്ട അക്ക നമ്പർ അനുസരിച്ച് ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമെ സർവ്വീസ് നടത്തുകയുള്ളൂ. ഇതുസംബന്ധിച്ച് മാർഗ നിർദ്ദേശം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
ഇന്ന് ഒറ്റയക്ക ബസുകളാണ് സർവ്വീസ് നടത്തുക. അടുത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾക്ക് സർവ്വീസ് നടത്താം. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും ഒറ്റ നമ്പർ ബസുകൾ വേണം നിരത്തിൽ ഇറങ്ങേണ്ടത്.
ശനി, ഞായർ ദിവസങ്ങളിൽ ബസ് സർവ്വീസ് അനുവദനീയമല്ല. എല്ലാ സ്വകാര്യ ബസുകൾക്കും എല്ലാ ദിവസവും സർവ്വീസ് നടത്താവുന്ന സാഹചര്യമല്ല നിലവിൽ ഉള്ളതെന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു.
നിലവിലെ കൊറോണ സാഹചര്യം കൂടി കണക്കിലെടുത്താണ് ഒന്നിടവിട്ട ദിവസങ്ങൾ വച്ച് ബസുകൾ മാറി മാറി സർവ്വീസ് നടത്തണമെന്ന നിബന്ധന കൊണ്ടു വന്നിരിക്കുന്നത്. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Comments