ന്യൂഡൽഹി: കേന്ദ്രസർക്കാർ വാക്സിൻ നയത്തിൽ മാറ്റം വരുത്തിയതിന് പിന്നാലെ കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്സിൻ നൽകിയത് 86 ലക്ഷത്തിൽ അധികം പേർക്ക്. കേന്ദ്രീകൃത സൗജന്യ വാക്സിൻ ഇന്നലെ നിലവിൽ വന്നതോടെ 86,16,373 വാക്സിൻ ഡോസുകളാണ് തിങ്കളാഴ്ച മാത്രം വിതരണം ചെയ്തത്. ഇതുവരെയുള്ള പ്രതിദിന വാക്സിൻ വിതരണത്തിലെ ഉയർന്ന കണക്കാണിത്.
ഏപ്രിലിൽ ഒറ്റദിവസം 42,65,157 ഡോസുകൾ വാക്സിൻ വിതരണം ചെയ്തതാണ് ഇതിനു മുൻപുള്ള ഉയർന്ന വാക്സിനേഷൻ. റെക്കോർഡുകൾ മറികടന്നുള്ള വാക്സിനേഷൻ സന്തോഷം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. കൊറോണയെ ചെറുക്കുന്നതിനുള്ള ഏറ്റവും ശക്തമായ ആയുധമാണ് വാക്സിൻ. വാക്സിനെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. കൊറോണയുടെ മുൻനിര പ്രവർത്തകരേയും അനുമോദിക്കുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.
Today’s record-breaking vaccination numbers are gladdening. The vaccine remains our strongest weapon to fight COVID-19. Congratulations to those who got vaccinated and kudos to all the front-line warriors working hard to ensure so many citizens got the vaccine.
Well done India!
— Narendra Modi (@narendramodi) June 21, 2021
വിവധ സംസ്ഥാനങ്ങളിൽനിന്നു പുറത്തുവരുന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ എല്ലാ സംസ്ഥാനങ്ങളിലും മികച്ച വാക്സിനേഷനാണ് നടന്നത്. ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ വാക്സീൻ ഡോസുകൾ വിതരണം ചെയ്തത് മദ്ധ്യപ്രദേശിലാണ് 16,01,548 ഡോസുകൾ. ഉത്തർപ്രദേശ് 6,74,546, രാജസ്ഥാൻ 4,30,439, മഹാരാഷ്ട്ര 3,78,945, ബംഗാൾ3,17,991 എന്നിങ്ങനെയാണ് മറ്റ് ഉയർന്ന കണക്കുകൾ.
പുതിയ വാക്സിൻ നയപ്രകാരം 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സീൻ സൗജന്യമായി നൽകുന്നതിന് വാക്സിന്റെ ഉൽപാദനവും വിതരണവും വർദ്ധിപ്പിക്കും. അടുത്തമാസം രാജ്യത്തെ വാക്സീൻ ഉൽപാദനം 13.5 കോടിയാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പ്രതിദിനം ഒരു കോടി ഡോസ് വാക്സീൻ രാജ്യത്ത് വിതരണം ചെയ്യാനാണ് കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഡിസംബറോടെ രാജ്യത്തെ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്നാണ് കേന്ദ്രത്തിന്റെ ഉറപ്പ്.
Comments