ഇടുക്കി: തീവ്രവാദ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിലെ അഞ്ച് ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ തീരുമാനം. അഞ്ച് ഡാമുകളിലും സുരക്ഷ കണക്കിലെടുത്ത് ഇവിടെ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലൂരുട്ടി എന്നീ ഡാമുകളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദ്ദേശം.
ഡാമുകളുടെ പല ഭാഗത്തും ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ചെറുതോണിയിലും തിരുവനന്തപുരത്തും ഡാമിലെ തത്സമയ ദൃശ്യങ്ങൾ വിശകലനം ചെയ്യും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇതോടെ ജലനിരപ്പ് ഉൾപ്പെടെയുള്ളയുടെ വിവരങ്ങൾ തലസ്ഥാനത്തും ഇടുക്കിയിലുമായി 24 മണിക്കൂറും രേഖപ്പെടുത്തും.
കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ കാലത്തും മുല്ലപ്പെരിയാർ ഡാമിൽ തീവ്രവാദ ആക്രമണം ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുണ്ടായിരുന്നു. 130 വർഷം പഴക്കമുള്ള ഇടുക്കി ജില്ലയിലെ മുല്ലപ്പെരിയാർ ഡാമിനെ തീവ്രവാദികൾ ലക്ഷ്യം വെച്ചിരിക്കുന്നതായാണ് അന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തത്.
അതിനിടെ മുല്ലപ്പെരിയാർ ഡാമിന്റെ ഉറപ്പില്ലായ്മയിൽ ആശങ്ക പുലർത്തുന്നവരാണ് കേരളക്കര. ഈ ഡാം തകർന്നാൽ എറണാകുളം, തൃശൂർ, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ 35 ലക്ഷം പേരുടെ ജീവനും സ്വത്തും അപകടത്തിൽപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
Comments