ലണ്ടൻ: യൂറോകപ്പിലെ ആവേശപോരാട്ടത്തിൽ ക്വാർട്ടറിലേക്ക് കുതിച്ച് ഇറ്റലി. ശക്തമായ ആക്രമണം നടത്തിയ ഓസ്ട്രിയയെ എക്‌സ്ട്രാ സമയത്ത് അടിയറ പറയിച്ചാണ് അസൂറികൾ മുന്നേറിയത്. പ്രീക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാൻചീനിയുടെ സംഘം ജയംസ്വന്തമാക്കിയത്.
ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ജയിച്ച ഇറ്റലി പ്രീക്വാർട്ടറിൽ ഇമ്മോബിലെ, ബെറാർഡി, ഇൻസൈൻ എന്നിവരെ മുന്നിൽ നിർത്തിയുള്ള ഫോർമേഷനിലാണ് കളിച്ചത്. എന്നാൽ ആദ്യ പകുതിയിൽ ഇറ്റലിയുടെ എല്ലാ തന്ത്രങ്ങളേയും ഫലപ്രദമായി ഓസ്ട്രിയൻ നിര പ്രതിരോധി്ച്ചു.17-ാം മിനിറ്റിൽ ബലെല്ലയുടെ ഷോട്ടും 31-ാം മിനിറ്റിലെ ഇമ്മൊബിലേയുടെ ലോംഗ് റേഞ്ച് ആക്രമണവും ലക്ഷ്യം കണ്ടില്ല. 36-ാം മിനിറ്റിലെ പ്രത്യാക്രമത്തിലൂടെ ഓസ്ട്രിയൻ നിര ഇറ്റലിയെ ഒന്നു ഞെട്ടിച്ചു. ലഭിച്ച ഫ്രീകിക്ക് അലാബയ്‌ക്ക് പക്ഷെ ഗോളാക്കാനായില്ല.
കളി അധിക സമയത്തേക്ക് നീണ്ട ശേഷമാണ് ഫലമുണ്ടായത്. 95-ാം മിനിറ്റിൽ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ കിസേയ ഇറ്റലിയെ 1-0ന് മുന്നിലെത്തിച്ചു. പെസീന 105-ാം മിനിറ്റിൽ ലീഡ് 2-0ആക്കി ഉയർത്തി. 114-ാം മിനിറ്റിൽ ഓസ്ട്രിയക്കായി സസാ കലാസിച്ച് ഒരു ഗോൾ മടക്കിയെങ്കിലും പിന്നീട് മുന്നേറാൻ സമയം അനുവദിച്ചില്ല.















