മലപ്പുറം: ഒളിവിലുള്ള ക്രിമിനൽ കേസ് പ്രതി ഖാദർ കരിപ്പൊടിയുടെ ശബ്‌ദ സന്ദേശം പുറത്ത്. അഹദിനെ മർദിച്ചതായി സമ്മതിക്കുന്ന തരത്തിലുള്ള സംഭാഷണമാണ് ശബ്ദസന്ദേശത്തിലുള്ളത്.
ശബ്ദസന്ദേശത്തിൽ, “നല്ല അടി കൊടുത്തിട്ടുണ്ട്” എന്നാണ് ഖാദർ പറയുന്നത്. തന്റെ പങ്കാളിക്ക് ലഭിക്കാനുള്ള പണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇടപെട്ടതെന്നും, സംസാരിക്കാൻ വിളിച്ചപ്പോൾ “താനാരാണ്” എന്ന് അഹദ് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. “എന്റെ നാട്ടിൽ വന്ന് അങ്ങനെ ചോദിച്ചാൽ തല്ലാതിരിക്കാൻ പറ്റില്ല” എന്നും ഇയാൾ പറയുന്നുണ്ട്.
അഹദിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് ഖാദർ കരിപ്പൊടിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി അന്വേഷണം ആരംഭിച്ച പൊലീസ്, ഇയാളെ പിടികൂടുന്നതിനായി തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഇൻഫ്ളുവൻസറെ പിടികൂടാൻ സാധിച്ചിട്ടില്ല. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളിൽ ചിലരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇയാൾ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും, ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.















