പാലക്കാട്: പാലക്കാട് അണക്കപ്പാറ എക്സൈസ് ചെക്പോസ്റ്റ് പ്രവർത്തിക്കുന്നത് വ്യാജ മദ്യ നിർമ്മാണക്കേസിലെ മുഖ്യപ്രതി സോമശേഖരന്റെ കെട്ടിടത്തിൽ. മറ്റൊരു പ്രതിയായ വിൻസെന്റിന്റെ കൂടി പങ്കാളിത്തമുള്ള കെട്ടിടമാണിത്. പാലക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജ കള്ള് നിർമ്മാണത്തിനും സ്പിരിറ്റ് കടത്തിനും എക്സൈസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്ന ആരോപണങ്ങൾ നേരത്തെ നിലനിന്നിരുന്നു. ഈ ആരോപണങ്ങൾ ബലപ്പെടുത്തുന്നാണ് പുതിയ തെളിവുകൾ.
ചെക്പോസ്റ്റ് കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്നത് ഇവരുടെ പേരിലുള്ള കെട്ടിടത്തിലാണ്. കഴിഞ്ഞ ദിവസമാണ് ആലത്തൂരിലെ അണക്കപ്പാറയിൽ വ്യാജ കള്ള് നിർമ്മാണ കേന്ദ്രം എക്സൈസ് കണ്ടെത്തിയത്. കള്ളിൽ കലക്കുന്നതിനായി സൂക്ഷിച്ച 350 ലിറ്റർ സ്പിരിറ്റ് പിടികൂടുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കണ്ടെത്തിയത് സംസ്ഥാനത്ത് വലിയ വ്യാജമദ്യ ദുരന്തം സൃഷ്ടിച്ചേക്കാവുന്ന കേന്ദ്രമാണ്. ചില എക്സൈസ് ഉദ്യോഗസ്ഥർ നൽകിയ രഹസ്യ വിവരത്തിലാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ഇവിടെ റെയ്ഡ് നടത്തുന്നത്.
റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർക്ക് പത്ത് ലക്ഷം രൂപ കൈക്കൂലി നൽകുകയും ചെയ്തു. അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതിനെ തുടർന്ന് എക്സൈസ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടിട്ടുണ്ട്. ജോയിന്റ് എക്സൈസ് കമ്മീഷണർ നെൽസനാണ് അന്വേഷണത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടാകും. മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനാണ് തീരുമാനം. 2 പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകാനും തീരുമാനിച്ചിട്ടുണ്ട്.
അണക്കപ്പാറയിലെ വ്യാജകള്ള് ഉത്പാദന കേന്ദ്രത്തിലെ പ്രധാന കണ്ണിയായ സോമശേഖരൻ കഴിഞ്ഞ നാൽപത് വർഷമായി അബ്കാരി രംഗത്ത് സജീവമാണ്. ആലത്തൂർ, കുഴൽമന്ദം റേഞ്ചുകളിലായി 30 ഷാപ്പുകൾ സോമശേഖരൻ നടത്തുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസംവരെ അണക്കപ്പാറയിലെ കളളുത്പാദന കേന്ദ്രത്തിൽ സോമശേഖരനുണ്ടായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. ഒളിവിൽ കഴിയുന്ന ഇയാളെ കണ്ടെത്താനായി തെക്കൻ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Comments