മുംബൈ: ലോകം കൊറോണയുടെ രണ്ടാം വ്യാപനത്തിൽ പകച്ചു നിൽക്കുമ്പോഴും മുകേഷ് അംബാനിയും ഗൗതം അദാനിയും ഉൾപ്പെടെയുളള ഇന്ത്യൻ വ്യവസായ ഭീമൻമാർ മുന്നോട്ടു തന്നെ. ഇരുവരും ഉൾപ്പെടെ ആറ് ഇന്ത്യൻ വ്യവസായ പ്രമുഖർ 2021 ലെ ആദ്യ ആറ് മാസത്തിൽ നേടിയ സമ്പാദ്യം 44.75 ബില്യൻ ഡോളറാണ്. ബ്ലൂംബെർഗ് ബില്യനെയർ ഇൻഡെക്‌സിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
നേട്ടമുണ്ടാക്കിയവരിൽ അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിയാണ് മുൻപിൽ. 27.4 ബില്യനിൽ നിന്നും 61.2 ബില്യൻ ഡോളറിലേക്കാണ് അദാനിയുടെ സമ്പത്ത് ഈ വർഷം ഉയർന്നത്. ലോകത്തിലെ അതിസമ്പന്നരിൽ 19 ാം സ്ഥാനത്താണ് അദാനി.
അദാനി എന്റർപ്രൈസസിന്റെ ഓഹരിവില 220 ശതമാനമാണ് ആറ് മാസത്തിനുളളിൽ ഉയർന്നത്. അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി പവർ എന്നിവയുടെ ഓഹരിവിലയിലും 2021 ലെ ആദ്യ ആറ് മാസങ്ങളിൽ 135 മുതൽ 185 ശതമാനം വരെ വർദ്ധനയുണ്ടായി.
മുകേഷ് അംബാനിയുടെ സമ്പത്ത് 2.61 ബില്യനിൽ നിന്നും 79.3 ബില്യൻ ഡോളറിലേക്കാണ് ഉയർന്നത്. ലോകത്തിലെ സമ്പന്നരിൽ പന്ത്രണ്ടാം സ്ഥാനത്താണ് അംബാനി. അബുദാബിയിലെ പെട്രോ കെമിക്കൽ മേഖലയിൽ റിലയൻസ് വമ്പൻ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഈ വിവരവും പുറത്തുവരുന്നത്.
വിപ്രോയുടെ സ്ഥാപക ചെയർമാൻ അസീം പ്രേംജി, എച്ച്‌സിഎൽ ഉടമ ശിവ നാടാർ എന്നിവരാണ് 2021 ലെ ആദ്യ ആറ് മാസത്തിൽ മികച്ച നേട്ടമുണ്ടാക്കിയ മറ്റ് വ്യവസായികൾ. വിപ്രോയുടെ ഓഹരിവിലയിൽ 41 ശതമാനമാണ് വർദ്ധന ഉണ്ടായത്.















