മ്യൂണിക്: യൂറോ കപ്പിൽ ഫൈനലിന് മുമ്പുള്ള ഫൈനലെന്ന വിശേഷണവുമായി സെമിപോരാട്ടത്തിന് ഇറ്റലിയും സ്‌പെയിനും. ഇന്നലെ നടന്ന ക്വാർട്ടറിൽ മാൻചീനിയുടെ ഇറ്റലി ലോക ഒന്നാം നമ്പർ ബെൽജിയത്തിനെ തകർത്തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറ്റലിയുടെ ജയം. സ്‌പെയിൻ തോൽപ്പിച്ചത് സ്വിറ്റ്‌സർലന്റിനെയാണ്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1നാണ് ലോക ചാമ്പ്യന്മാർ സെമിഫൈനലിലേക്ക് കടന്നത്.
ഇറ്റലി-ബെൽജിയം പോരാട്ടത്തിൽ നിക്കോളോ ബരേല, ലൊറൻസൊ ഇൻസൈൻ എന്നിവരാണ് ഇറ്റലിക്കായി ഗോൾ നേടിയത്. ബെൽജിയത്തിന്റെ സൂപ്പർതാരം റൊമേലു ലൂകാകുവാണ് ആശ്വാസ ഗോളിന് അവകാശി. കളിയുടെ 13-ാം മിനിറ്റിൽ ബൊനൂച്ചിയുടെ ഗോൾ നിഷേധിക്കപ്പെട്ടു. 22-ാം മിനിറ്റിൽ ബെൽജിയത്തിന്റെ അവസരം ഇറ്റാലിയൻ ഗോളി ജിയാൻലൂജി ഡോണാരുമ കൈയ്യിലാക്കി. 31-ാം മിനിറ്റിലാണ് ഇറ്റലിയുടെ ആദ്യ ഗോൾ പിറന്നത് ബരേലയാണ് ഗോളടിച്ചത്. 44-ാം മിനിറ്റിൽ ഇറ്റലി ലീഡ് ഉയർത്തി. ഇൻസൈനിന്റെ ഷോട്ട് വലയിലെത്തി. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിലാണ് ലൂകാകു ബെൽജിയത്തിനായി ഗോളടിച്ചത്. ഫ്രീകിക്കാണ് ഗോളായിമാറിയത്.
സ്‌പെയിൻ-സ്വിസ് പോരാട്ടത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഒരോ ഗോളടിച്ച് സമനില കാത്തു. സ്‌പെയിനിന് സ്വിസ് നിര സെൽഫ് ഗോളിലൂടെയാണ് ലീഡ് സമ്മാനിച്ചത്. സ്‌പെയിനിന്റെ എട്ടാം മിനിറ്റിലെ മുന്നേറ്റത്തിൽ ആൽബയുടെ വോളി സ്വിസ് പ്രതിരോധ നിരയിലെ സെന്നീസ് സക്കറിയയുടെ കാലിൽ തട്ടിയാണ് ഗോളായത്. എന്നാൽ 68-ാം മിനിറ്റിൽ സ്‌പെയിനിന്റെ ആശയക്കുഴപ്പം മുതലാക്കി സെദ്രാൻ ഷാകിരിയിലൂടെ സ്വിസ് നിര സമനില പിടിച്ചു.
പെനാൽറ്റി ഷൂട്ടൗട്ട് ആരാധകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി. സ്‌പെയിനിന് വേണ്ടി ആദ്യ കിക്കെടുത്ത സെർജിയോവിന് പിഴച്ചു. ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. സ്വിസിനായി മരിയോ ഗ്രാവനോവിച്ച് ഗോൾ നേടി. എന്നാൽ ഡാനി ഒൽമോ സ്‌പെയിനിനെ ഒപ്പമെത്തിച്ചു. തുടർന്ന് സ്വിസിന് പിഴച്ചു. ഫാബിയാന്റെ ഷോട്ട് ഗോളി തടഞ്ഞു. മൂന്നാം കിക്കെടുത്ത സ്‌പെയിനിന്റെ റോഡ്കിയും സ്വിസ് താരം മാനുവൽ അകഞ്ഞിയും ഷോട്ട് പാഴാക്കുന്ന കാഴ്ചയാണ് കണ്ടത്. സ്‌പെയിനിനായി നാലാം കിക്കെടുത്ത ജെറാർഡ് പന്ത് വലയിലാക്കി. തുടർന്ന് സ്വിസ് താരം റൂബന്റെ ഗോൾ പോസ്റ്റിന് മുകളിലൂടെ പോയി. സ്‌പെയിൻ താരം മികേലിന്റെ ഷോട്ട് വലയിലേക്ക് വീണതോടെ 3-1ന് സ്‌പെയിൻ സെമി ഉറപ്പാക്കി.















