വാഷിങ്ടണ്‍: ചൈനയുടെ നവീകരണ ശൃംഖലയെയും ആഗോള സ്വാധീനത്തെയും വെല്ലുവിളിക്കാന്‍ ശേഷിയുള്ള ഏക രാജ്യം ഇന്ത്യയാണെന്ന് യു.എസ്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ സ്റ്റീവ് ഡെയ്ന്‍സ്. വാഷിങ്ടണില്‍ നടന്ന യു.എസ്.-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ് ഫോറം ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള വിശ്വാസ്യതയിലെ വ്യത്യാസം വിശദീകരിക്കാന്‍ തന്റെ മൊബൈല്‍ ഫോണ്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ സ്റ്റീവ് ഡെയ്ന്‍സ്, ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍ തന്നെയാണ് താന്‍ കൈവശം വയ്‌ക്കുന്നതെന്നും, എന്നാല്‍ ബെയ്ജിങ്ങിലേക്ക് പോകുമ്പോള്‍ ആ ഫോണ്‍ സുരക്ഷാ കാരണങ്ങളാല്‍ വാഷിങ്ടണിലെ ഓഫീസില്‍ തന്നെ ഉപേക്ഷിക്കാറുണ്ടെന്നും വ്യക്തമാക്കി. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സഹകരണം ഇരുരാജ്യങ്ങള്‍ക്കു മാത്രമല്ല, ജനാധിപത്യ ലോകത്തിനും ആഗോള സ്ഥിരതയ്‌ക്കും നിര്‍ണായകമാണെന്നും സ്റ്റീവ് ഡെയ്ന്‍സ് അഭിപ്രായപ്പെട്ടു.















