റിയോ: കോപ്പാ അമേരിക്കയിൽ സാംബാതാളം. എന്നും അട്ടിമറി ശീലമാക്കിയ ചിലിയെ തകർത്ത് ബ്രസീൽ സെമിയിൽ കടന്നു. എതിരില്ലാത്ത ഒറ്റ ഗോളിനാണ് ബ്രസീലിന്റെ ജയം. പകരക്കാരനായി ഇറങ്ങിയ പക്വേറ്റയാണ് മഞ്ഞപ്പടയ്‌ക്ക് നിർണ്ണായക ഗോൾ സമ്മാനിച്ചത്. ബ്രസീലിന്റെ ജെസ്യൂട്ട് ചുവപ്പുകാർഡ് കണ്ട് പുറത്തായി പത്തുപേരായി ചുരുങ്ങിയ എതിരാളികളെ മറികടക്കാൻ ചിലിക്കായില്ല. സെമി ഫൈനലിൽ പെറുവാണ് ബ്രസീലിന്റെ എതിരാളി. അർജ്ജന്റീന-ബ്രസീൽ ഫൈനലാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ആക്രമണവും പ്രതിരോധവും ഒരുപോലം സമന്വയിച്ച ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളടിക്കാനായില്ല. നെയ്‌റടക്കം ശ്രമിച്ചിട്ടും ഗോൾ വീണില്ല. സാഞ്ചസിനേയും വർഗാസിനേയും ആക്രമണചുമതല ഏൽപ്പിച്ചിട്ടും ചിലിക്ക് ബ്രസീലിയൻ വല ചലിപ്പിക്കാനായില്ല. 46-ാം മിനിറ്റിലാണ് ബ്രസീൽ ഗോൾ നേടിയത്. ഫിർമിനോയ്‌ക്ക് പകരം ഇറങ്ങിയ ലൂക്കാസ് പക്വേറ്റ കാനറികളെ മുന്നിലെത്തിച്ചു.















