മുംബൈ : മഹാരാഷ്ട്രയിൽ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിന് കീഴിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാളെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്. 43 കാരനായ ഷഹാബുദ്ദീൻ മുനാവർ അലിയെയാണ് വീണ്ടും അറസ്റ്റിലായത്. കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് ഇയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
ജാമ്യത്തിലിറങ്ങിയ മുനാവർ അലിക്കായി വൻ സ്വീകരണ പരിപാടികളാണ് സുഹൃത്തുക്കൾ ചേർന്ന് ഒരുക്കിയത്. സ്വീകരണ പരിപാടിയ്ക്കായി ഇയാളുടെ സുഹൃത്തുക്കൾ കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് ബായ്ഗൻവാഡിയിലെ പാലത്തിന് സമീപം ഒത്തു ചേരുകയും, ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ജയിലിൽ നിന്നും എത്തിയ ഇയാളെ മാലയിട്ട് പക്കമേളക്കാരുടെ അകമ്പടിയോടെയാണ് സുഹൃത്തുക്കൾ സ്വീകരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്.
മുനാവർ അലിയും, സ്വീകരണത്തിനായി സംഘടിച്ചവരും മാസ്ക് ധരിക്കുകയോ, സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് പോലീസ് നിയമ നടപടി സ്വീകരിച്ചത്.
Comments