ആഘോഷങ്ങളുടെ ഭാഗമായി വിവാഹ സമയത്ത് ഡാന്‍സും പാട്ടുമൊക്കെ ഉണ്ടാകാറുണ്ട്. മിക്കപ്പോഴും വധൂ വരന്മാരും അതിന്റെ ഭാഗമാകാറുണ്ട്. അത്തരത്തിലുളള നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിൽ നിന്നെല്ലാം വ്യത്യസ്തമായ വധുവിന്റെ വീഡിയോ ആണ് ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
സാരിയണിഞ്ഞ് ആയോധന കല പ്രദര്‍ശിപ്പിക്കുന്ന വധുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ തിരുക്കൊളൂര്‍ ഗ്രാമത്തില്‍ നിന്നുള്ള വധുവാണ് വിവാഹ വേഷത്തില്‍ പരമ്പരാഗത ആയോധനകലകള്‍ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഇരുപത്തിരണ്ടുകാരിയായ പി നിഷയാണ് ഈ വീഡിയോയിലെ താരം.
വിവാഹ ഹാരം അണിഞ്ഞ നിഷ ആദ്യം ഉറുമി വീശുന്നതാണ് വീഡിയോയിലുള്ളത്. പിന്നാലെ ചിലമ്പാട്ടവും കാണാം. വിവാഹ ദിനത്തില്‍ ഇത്തരമൊരു അഭ്യാസ പ്രകടനം അവതരിപ്പിച്ചതിന്റെ കാരണം. സ്വയം പ്രതിരോധം എല്ലാ പെണ്‍കുട്ടികളും പഠിച്ചിരിക്കണമെന്ന സന്ദേശം നല്കുന്നതിനായിട്ടാണെന്ന് നിഷ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദനമേല്‍ക്കേണ്ടി വരുന്ന, അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ഒരുപാട് സ്ത്രീകള്‍ നമ്മുടെ നാട്ടിലുണ്ട്. സ്വയം പ്രതിരോധത്തിനായി ആയോധന കലകള്‍ പഠിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയായിരുന്നു നിഷ. നിഷയോടൊപ്പം സുഹൃത്തുക്കളും ഗ്രാമവാസികള്‍ക്കായി തൊണ്ണൂറു മിനിറ്റോളം ആയോധനകല അവതരിപ്പിച്ചു.
വളരെ പെട്ടന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ബികോം ബിരുദധാരിയായ നിഷയ്ക്ക് പൊലീസ് ഓഫീസറാകണമെന്നാണ് ആഗ്രഹം. കളരിപ്പയറ്റ് അടക്കമുള്ള അഭ്യാസ മുറകള്‍ മൂന്ന് വര്‍ഷം മുന്പുമുതലാണ് നിഷ അഭ്യസിക്കാന്‍ തുടങ്ങിയത്. 2020 ല്‍ ചിലമ്പാട്ട മത്സരത്തില്‍ ഒന്നാം സമ്മാനവും തിരുപ്പൂരില്‍ നടന്ന സംസ്ഥാനതല മത്സരത്തില്‍ മൂന്നാം സമ്മാനവും നിഷ സ്വന്തമാക്കിയിട്ടുണ്ട്. പിന്തുണയുമായി അച്ഛന് പെരുമാളും അമ്മ മണിയും ഒപ്പമുണ്ട്. വീഡിയോ വൈറലായതിന്റെ സന്തോഷത്തിലാണ് നിഷയും ഭര്‍ത്താവ് രാജ്കുമാര് മോസസും.
Comments