ലക്‌നൗ : കൊടും കുറ്റവാളിയെയും, കൂട്ടാളിയെയും ഏറ്റുമുട്ടലിൽ വധിച്ച് ഉത്തർപ്രദേശ് പോലീസ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബദൻ സിംഗിനെയും ഇയാളുടെ കൂട്ടാളിയെയുമാണ് വധിച്ചത്. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ആഴ്ച ബദൻ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ആഗ്രയിൽ നിന്നുള്ള ഡോക്ടറെ തട്ടിക്കൊണ്ടു പോയിരുന്നു. ഈ കേസിൽ ബദനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ഇവർ ചേർന്ന് തട്ടിക്കൊണ്ടു പോയ ഡോക്ടറെ പോലീസ് അതി സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഒളിവിൽ പോയ ഇരുവരെയും ജാഗ്‌നെറിൽവെച്ച് വാഹന പരിശോധനയ്‌ക്കിടെ പോലീസ് പിടികൂടി. എന്നാൽ ഇരുവരും രക്ഷപ്പെട്ട് ഒടുകയായിരുന്നു.
പോലീസും ഇവരെ പിന്തുടർന്നു. ഓടി വനമേഖലയിൽ പ്രവേശിച്ച ഇവർ പോലീസിന് നേരെ വെടിയുതിർക്കാൻ ആരംഭിച്ചതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പോലീസും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലിന് ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബദന്റെ കൂട്ടാളിയെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Comments