ന്യൂഡൽഹി: മികച്ച ജിവനക്കാർക്ക് മെഴ്‌സിഡസ് ബെൻസ് കാർ സമ്മാനിക്കാനൊരുങ്ങി ഇന്ത്യൻ കമ്പനിയായ എച്ച്‌സിഎൽ. ഇതാദ്യമായല്ല എച്ച്‌സിഎൽ തങ്ങളുടെ ജീവനക്കാർക്ക് ബെൻസ് സമ്മാനിക്കുന്നത്. 2013ലും 50 മെഴ്‌സിഡസ് ബെൻസ് കാറുകൾ മികച്ച പ്രകടനം കാഴ്‌ച്ച വെച്ച ജീവനക്കാർക്ക് സമ്മാനിച്ചിരുന്നു. നോയ്ഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്ക് കമ്പനിയാണ് ഹിന്ദുസ്ഥാൻ കംപ്യൂട്ടേഴ്സ് ലിമിറ്റഡ് (എച്ച്‌സിഎൽ).
ഡയറക്ടർ ബോർഡിന്റെ അംഗീകാരം ലഭിച്ചാലുടൻ തന്നെ മികച്ച ജീവനക്കാരായി തെരഞ്ഞെടുത്തവർക്ക് ബെൻസ് കാർ ലഭിക്കും. കൊറോണയുടെ പശ്ചാത്തലത്തിൽ പല കമ്പനികളും ശമ്പള വർദ്ധനവ് പോലും പിടിച്ചുവച്ചിരുന്ന ഈ കാലഘട്ടത്തിൽ എച്ച്‌സിഎൽ തങ്ങളുടെ ജീവനക്കാർക്ക് പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ സോഷ്യൽമീഡയയിൽ ചർച്ചയായിരിക്കുകയാണ്.
എച്ച്‌സിഎല്ലിന് പുറമെ ഇന്ത്യൻ കമ്പനിയായ ഭാരത് പേയും വൻ ഓഫറുമായി എത്തിയിട്ടുണ്ട്. തങ്ങളുടെ കമ്പനിയിൽ ചേരുന്നവർക്കായി ഭാരത്‌പേ ഒരുക്കിയിരിക്കുന്നത് ബൈക്ക് പാക്കേജാണ്. ഇന്റർവ്യൂ വിജയകരമായി പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നവർക്കാണ് ഈ സമ്മാനം ലഭിക്കുക.
മൂന്ന് ലക്ഷത്തിനടുത്ത് വിലയുള്ള ബിഎംഡബ്‌ള്യു ജി 310 ആർ ബൈക്ക് ആണ് സമ്മാനം. ഇനി ഈ ബൈക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ ജാവ പെരാക്ക്, കെടിഎം 390 ഡ്യൂക്ക്, കെടിഎം ആർസി 390, റോയൽ എൻഫീൽഡ് ഹിമാലയൻ എന്നിവയിലൊന്നോ മൊബൈൽ ഫോണോ തിരഞ്ഞെടുക്കാം.















