പാലക്കാട്: വടക്കാഞ്ചേരി സ്വദേശി ശ്രുതിയുടേത് കൊലപാതകമെന്ന് പോലീസ്. ഭർത്താവ് ശ്രീജിത്ത്, ശ്രുതിയെ തീകൊളുത്തി കൊല്ലുകയായിരുന്നു. കുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. ശ്രീജിത്തിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
ശ്രീജിത്തിനെതിരെ നേരത്തെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ശ്രീജിത്ത് ഇപ്പോൾ റിമാൻഡിലാണ്. ജൂൺ 18നായിരുന്നു ശ്രുതിയെ തീപ്പൊള്ളൽ ഏറ്റനിലയിൽ കണ്ടെത്തിയത്. മക്കളാണ് വിവരം അയൽവാസികളെ അറിയിച്ചത്. ശ്രുതിയെ, ശ്രീജിത്ത് തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെന്ന് കാണിച്ച് മാതാപിതാക്കൾ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
അച്ഛൻ അമ്മയെ തീകൊളുത്തിയെന്നായിരുന്നു കുട്ടികൾ അയൽവാസികളോട് പറഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും 22ന് മരണമടഞ്ഞു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. കുട്ടികളുടെ മൊഴിയടക്കം കേസിൽ നിർണായകമായെന്ന് പോലീസ് അറിയിച്ചു.
Comments