മലപ്പുറം : മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചന്ദ്രികയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം.
കോഴിക്കോട് ചികിത്സയിൽ കഴിയുന്ന സ്ഥലത്തെത്തിയാണ് ശിഹാബ് തങ്ങൾക്ക് നോട്ടീസ് കൈമാറിയത്. കേസിൽ കഴിഞ്ഞ കഴിഞ്ഞ ജൂലൈയിലും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
അതേസമയം ലീഗിനെതിരെ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ കെ.ടി ജലീൽ എംഎൽഎ ശിഹാബ് തങ്ങൾക്കെതിരെ ചന്ദ്രികയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. ലീഗ് ദേശീയ അദ്ധ്യക്ഷൻ കുഞ്ഞാലിക്കുട്ടി, മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെയും ജലീൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ചന്ദ്രികയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് നേരത്തെ ചോദ്യം ചെയ്തിരുന്നുവെന്നായിരുന്നു ജലീൽ പറഞ്ഞത്. ഇത് അദ്ദേഹത്തിന് വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി. പാർട്ടിയിൽ ചിലർ ചെയ്യുന്ന തെറ്റിന് അദ്ദേഹം എൻഫോഴ്സ്മെന്റിന് മുൻപിൽ വിശദീകരണം നൽകേണ്ടിവന്നുവെന്നും ജലീൽ വ്യക്തമാക്കി.
കുഞ്ഞാലിക്കുട്ടിയും കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ട്. ലീഗിനേയും, പാർട്ടിയുടെ സ്ഥാപനങ്ങളെയും ഇതിനായി ഉപയോഗിച്ചെന്നും ജലീൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.
Comments