ന്യൂഡൽഹി : ഇന്ത്യയിൽ കൊറോണ പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് വി യുടെ വിതരണത്തിലുണ്ടായ കാലതാമസം ഈ മാസത്തോടെ പൂർണമായി പരിഹരിക്കും. വാക്‌സിന്റെ നിർമ്മാണ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ നേരിട്ട ബുദ്ധിമുട്ടുകളാണ് വിതരണത്തിൽ കാലതാമസം ഉണ്ടാക്കിയതെന്നും കമ്പനി അറിയിച്ചു.
സെപ്തംബറോടെ സ്പുട്‌നിക് വി വാക്‌സിൻ ഉത്പാദനം ഇരട്ടിയാക്കും. 14 രാജ്യങ്ങളിലെ കമ്പനികളുമായി ചേർന്നാണ് ഇത് സാദ്ധ്യമാക്കുന്നത്. ഇതിനായി സഹകരിക്കുന്ന ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനുൾപ്പെടെ നന്ദി പറയുന്നതായും കമ്പനി വ്യക്തമാക്കി.
കൊറോണയുടെ ഡെൽറ്റ വകഭേദത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സ്പുട്‌നിക് വി യ്‌ക്ക് കഴിയുമെന്നാണ് ഗമേലിയ സെന്റർ നടത്തിയ പഠനത്തിൽ വ്യക്തമായത്. സുരക്ഷിതവും കാര്യക്ഷമവുമാണ് എന്നതിനാൽ ലോകവ്യാപകമായി സ്പുട്‌നിക് വി യ്‌ക്ക് ആവശ്യക്കാർ കൂടുതലാണ് എന്നും പ്രസ്താവനയിലുണ്ട്.
കൊവിഷീൽഡ്- സ്പുട്‌നിക് വാക്‌സിനുകൾ സംയോജിപ്പിച്ചുള്ള പരീക്ഷണത്തെക്കുറിച്ചും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഷീൽഡ് നിർമ്മാണ കമ്പനിയായ ആസ്ട്രാ സെനേകയുമായി ചേർന്ന് ഈ വർഷം നവംബറിൽ വാക്‌സിൻ പരീക്ഷണം ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു.















