ഭോപ്പാല്‍ : പ്രളയം നാശം വിതച്ച മധ്യപ്രദേശില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പുനല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാന വ്യാപകമായി കനത്ത നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കേന്ദ്രത്തിന്റെ സാഹായം തേടിയിരുന്നു. സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ അമിത് ഷായെ മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
ഇതിനോടകം വിവിധ പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈനിക ഉദ്യോഗസ്ഥരെ കേന്ദ്രം വിന്യസിച്ചിട്ടുണ്ട്. ഇതുവരെ കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കിയ എല്ലാവിധ പിന്തുണകള്‍ക്കും ശിവരാജ് സിംഗ് ചൗഹാന് നന്ദി അറിയിച്ചു. നേരത്തെ പ്രധാനമന്ത്രിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ചര്‍ച്ച നടത്തുകയും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അറിയിക്കുകയും ചെയ്തിരുന്നു.
നിലവില്‍ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ശിവപുരി, ഡാട്ടിയ, ഷിയോപൂര്‍ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. കഴിഞ്ഞ ദിവസം ഡാട്ടിയയില് ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ പെട്ടുപോയ ഏഴ് പേരെ ഇന്ത്യന്‍ വായുസേന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയിരുന്നു. ഇതുകൂടാതെ 1600ല്‍ പരം ആളുകളെ ദുരന്തനിവാരണ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചു. അപ്രതീക്ഷിതമായ കനത്ത മഴയില്‍ ആയിരത്തിലധികം ഗ്രാമങ്ങളാണ് ഗ്വാളിയാര്‍-ചംബല്‍ മേഖലയില്‍ വെള്ളത്തിനടിയിലായത്.
Comments