ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. കുട്ടികൾക്കുള്ള കൊറോണ പ്രതിരോധ വാക്സിനും രാജ്യത്തെ വാക്സിനേഷനും സംബന്ധിച്ച വിവരങ്ങളാണ് കൂടിക്കാഴ്ച്ചയിൽ പ്രധാനമായും ചർച്ചയായത്. വാക്സിൻ വിതരണത്തിനുള്ള കേന്ദ്രസർക്കാരിന്റെ പിന്തുണയ്ക്ക് അദ്ദേഹം അമിത് ഷായ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. കൊവിഷീൽഡിന്റെ നിർമ്മാണം വിപുലീകരിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുവരും തമ്മിലുള്ള ചർച്ച അരമണിക്കൂറോളം നേരം നീണ്ടുനിന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്ലെന്നും കേന്ദ്രസർക്കാരിന്റെ സഹായം കൊണ്ട് മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി അറിയിക്കുന്നുവെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പൂനാവാല പ്രതികരിച്ചു.
അമേരിക്കൻ വാക്സിൻ നിർമ്മാതാക്കളായ നൊവോവാക്സ് വികസിപ്പിച്ചെടുത്ത കൊവോവാക്സ് വാക്സിൻ ഒക്ടോബറിലും അടുത്ത വർഷം ആദ്യവുമായി പുറത്തിറക്കാൻ സാധിക്കുമെന്ന് പൂനാവാല വ്യക്തമാക്കി. മുതിർന്നവർക്കുള്ള കൊവോവാക്സിൻ ഒക്ടോബറിലും കുട്ടികൾക്കുള്ളത് അടുത്തവർഷം ആദ്യവും പുറത്തിറക്കാൻ സാധിക്കും.
ഡിസിജിഐയുടെ അംഗീകാരത്തെ ആശ്രയിച്ചാണ് ബാക്കി കാര്യങ്ങളെല്ലാം നിലനിൽക്കുന്നത്. കൊവോവാക്സ് വാക്സിന് ഒരു ഡോളറിന് താഴെ മാത്രമേ ചെലവ് വരുന്നുള്ളൂവെങ്കിലും വിതരണത്തിനെത്തുമ്പോൾ കൊവിഷീൽഡിനേക്കാൾ വിലയുണ്ടായിരിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിനിടെ സൂചിപ്പിച്ചിരുന്നു. കൊറോണയ്ക്കെതിരെ 90 ശതമാനത്തിലധികമാണ് കൊവോവാക്സ് ഫലപ്രാപ്തിയെന്നാണ് പഠനങ്ങൾ നൽകുന്ന സൂചന.
Comments