തൃശ്ശൂർ : മലക്കപ്പാറയിൽ ഹെർണിയ ബാധിച്ച വനവാസി രോഗിയെ ആശുപത്രിയിൽ എത്തിച്ചത് മണിക്കൂറുകൾ ചുമന്ന്. കപ്പായം വനവാസി കോളനി വാസികൾക്കാണ് ദുരനുഭവം നേരിട്ടത്. റോഡ് ഇല്ലാത്തതിനാൽ ആംബുലൻസ് എത്താത്തതിനെ തുടർന്നാണ് നാട്ടുകാർ തോളിലേറ്റി ആശുപത്രിയിലേക്ക് നടന്നത്.
ഹെർണിയ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആരോഗ്യനില മോശമായതോടെയാണ് രോഗിയെ
ചുമന്നു കൊണ്ട് ആശുപത്രിയിൽ എത്തിച്ചത്. ഏറ്റവും അടുത്തുള്ള എടി ടാറ്റാ ടി ആശുപത്രിയിലായിരുന്നു ഇയാളെ എത്തിച്ചത്. നാല് മണിക്കൂറോളം പിന്നിട്ടാണ് ആശുപത്രിയിൽ എത്തിയതെന്ന് ഗ്രമവാസികൾ പറയുന്നു.
മാന്നാൻ, മുതുവാൻ, ഉള്ളാട വിഭാഗത്തിൽപ്പെട്ട ആളുകളാണ് ഇവിടെയുള്ളത്. കോളനിയിലേക്ക് എത്തുന്നതിനോ, ഇവിടെ നിന്നും മറ്റിടങ്ങളിലേക്ക് എത്തുന്നതിനോ സഞ്ചാരയോഗ്യമായ പാതയില്ല. അടുത്തൊന്നും മികച്ച ആശുപത്രിയില്ല എന്നതും കോളനി നിവാസികളെ ദുരിതത്തിലാഴ്ത്തുന്നു. നല്ലൊരു റോഡും, ആശുപത്രിയുമെന്ന കാലാകാലങ്ങളായുള്ള ഇവരുടെ ആവശ്യം മാറി മാറി ഭരിക്കുന്ന സർക്കാരുകൾ അവഗണിക്കുകയാണ്.
അതേസമയം കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം എവിടെ എത്തിനിൽക്കുന്നുവെന്നാണ് സംഭവം കാണിച്ചു തരുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സമാന സംഭവങ്ങൾ വാർത്തയാകുമ്പോൾ വലിയ പരിഹാസവും, വിമർശനവുമാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകാറുള്ളത്.
Comments