ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആറുവയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷൻ 376 എബി പ്രകാരവും (12 വയസിന് താഴെയുള്ള പെൺകുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ) പോക്സോ നിയമപ്രകാരവും ഇയാൾക്കെതിരെ കേസെടുത്തു. ഡൽഹി മയൂർ വിഹാർ സ്വദേശിയായ 34കാരനാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പെൺകുട്ടിയെ ഗുരുതര പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ തന്നെയാണ് വിവരം പോലീസിൽ അറിയിച്ചത്. വിദഗ്ധ ചികിത്സക്കായി പെൺകുട്ടിയെ പിന്നീട് ഡൽഹി എയിംസിലേക്ക് മാറ്റി. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. ഇതിനോടകം അറസ്റ്റ് രേഖപ്പെടുത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി കമ്മിഷ്ണർ പ്രിയങ്ക കശ്യപ് പറഞ്ഞു.
മയൂർ വിഹാറിൽ പെൺകുട്ടിക്കുണ്ടായ ദുരനുഭവത്തിന് ഏതാനും ദിവസങ്ങൾ മുമ്പാണ് നംഗൽ പ്രദേശത്ത് ദളിത് പെൺകുട്ടി ബലാത്സംഗത്തിന് വിധേയയായി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. കേസിൽ ഒരു പുരോഹിതൻ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments