ബെയ്റൂത്ത്: വടക്കൻ ലെബനീസ് പ്രദേശമായ ത്ലെയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 20 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ 79 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സാ സംവിധാനങ്ങളും ഉറപ്പുവരുത്തണമെന്ന് ബെയ്റൂത്തിലെയും വടക്കൻ ലെബനീസിലെയും ആശുപത്രികൾക്ക് ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
സിറിയൻ അതിർത്തിയിൽ നിന്നും നാല് കിലോമീറ്റർ അകലെയാണ് സ്ഫോടനം നടന്നത്. സിറിയയിലേക്ക് കടത്താൻ പദ്ധതിയിട്ടിരുന്ന ഇന്ധന ടാങ്കാണെന്നാണ് സൂചന. ലെബനനെ അപേക്ഷിച്ച് സിറിയയിൽ ഇന്ധന വില കൂടുതലാണ്. രാജ്യം ഇന്ധന ദൗർലഭ്യം അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് അപകടമുണ്ടായത്.
2020 ഓഗസ്റ്റ് നാലിന് രാജ്യതലസ്ഥാനമായ ബെയ്റൂത്തിൽ അനേകം ആളുകളുടെ ജീവനെടുത്ത സ്ഫോടനം നടന്നിരുന്നു. ബെയ്റൂത്ത് തുറമുഖത്തിലുണ്ടായ സ്ഫോടനത്തിൽ 214 പേർക്കാണ് ജീവഹാനി സംഭവിച്ചത്.
Comments