ന്യൂഡൽഹി: കാലാവസ്ഥ പ്രവചനം കൂടുതൽ ശക്തമാക്കുന്നതിന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പൊതുജനങ്ങളിൽ നിന്നുള്ള സഹായം തേടുന്നു.കാലാവസ്ഥ പ്രവചനം സംബന്ധമായ വിവരങ്ങളും നിരീക്ഷണങ്ങളുമാണ് തേടുന്നത്. സമീപപ്രദേശങ്ങളിൽ സംഭവിച്ച മഴ, ആലിപ്പഴവർഷം, മിന്നൽ,കൊടുങ്കാറ്റ് തുടങ്ങി വിവിധ കാലാവസ്ഥ പ്രതിഭാസങ്ങളെ കുറിച്ച് വിവരങ്ങൾ സമർപ്പിക്കാനാണ് പൊതുജനത്തിനോട് അഭ്യർത്ഥിച്ചത്.
ഐഎംഡിയുടെ നിരീക്ഷണ കേന്ദ്രങ്ങളും ഉപകരണങ്ങളും ഇല്ലാത്ത ഉൾപ്രദേശങ്ങളിലെ കാലാവസ്ഥ പ്രവചനം ഏറെ ബുദ്ധിമുട്ടേറിയതാണ്. ഇവിടങ്ങളിലെ കാലാവസ്ഥ പ്രതിഭാസങ്ങളും അതിന്റെ തീവ്രതയും നാശനഷ്ടവും കണക്കാക്കാനും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണത്,കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചത്, കൃഷിനാശം തുടങ്ങിയ വിവിധ നാശനഷ്ടങ്ങൾ ജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനാവുന്നതാണ്.ഐഎംഡിയുടെ പ്രധാന വെബ്സൈറ്റിലാണ് വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്.ജനങ്ങൾ നൽകിയ വിവരങ്ങളും നിരീക്ഷണങ്ങളും വ്യക്തമായി വിശകലനം ചെയ്ത് നിഗമനത്തിലെത്തുന്നതാണ് രീതി. ജനങ്ങൾ ഇതുവരെ നൽകിയ വിവരങ്ങൾ ഉപയോഗിച്ച് കാലാവസ്ഥ പ്രവചനം കൂടുതൽ കൃത്യതയേറിയതായി ഐഎംഡി പറഞ്ഞു.പുതിയ രീതി ഉൾപ്രദേശങ്ങളിലെ കാലാവസ്ഥ പ്രവചനത്തിന് ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ.
Comments