ന്യൂഡൽഹി: ലോകം മുഴുവൻ ആരാധകരുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാലിപ്പോൾ പ്രധാനമന്ത്രിയുടെ വലിയൊരു ആരാധകന്റെ വാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിൽ അടക്കം ചർച്ചയാവുന്നത്. കശ്മീരിലെ ശ്രീനഗർ മുതൽ ഡൽഹി വരെയുള്ള കാൽനടയാത്രക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഫഹീം നസീർ ഷാ എന്ന ആരാധകൻ. പ്രധാനമന്ത്രിയെ നേരിൽ കാണാനാണ് ഈ യാത്ര.
815 കിലോ മീറ്ററാണ് പ്രധാനമന്ത്രിയെ കാണുന്നതിനായി നസീർ ഷാ സഞ്ചരിക്കുക. തന്റെ ഈ യാത്ര പ്രധാനമന്ത്രിയുടെ ശ്രദ്ധ നേടുമെന്നും, അതിലൂടെ അദ്ദേഹത്തെ കാണാൻ സാധിക്കുമെന്നുമാണ് നസീർ ഷായുടെ പ്രതീക്ഷ. ഒരിടത്ത് മോദി പ്രസംഗിക്കുമ്പോൾ മുസ്ലീങ്ങളുടെ പ്രാർത്ഥന കേട്ട ഉടനെ അദ്ദേഹം പ്രസംഗം നിർത്തി. ഇത് ജനങ്ങളെയാകെ അമ്പരിപ്പിച്ചിരുന്നു. അത്തരം കാര്യങ്ങളാണ് തന്നെ മോദി ആരാധകനാക്കി മാറ്റിയതെന്ന് നസീർ ഷാ പറഞ്ഞു.
നസീർ ഷാ മോദിയെ കാണാനുള്ള യാത്ര ആരംഭിച്ച് കഴിഞ്ഞു. ഇരുന്നൂറ് കിലോ മീറ്ററോളം സഞ്ചരിച്ച് ഉദംപൂരിലെത്തിയതായി നസീർ ഷാ പറഞ്ഞു. ചെറിയ ഇടവേളകൾ എടുത്താണ് ഷായുടെ യാത്ര. രണ്ട് ദിവസം മുമ്പാണ് ഈ യാത്ര തുടങ്ങിയത്. നേരത്തെയും നസീർ ഷാ പ്രധാനമന്ത്രിയെ കാണാനായി ശ്രമിച്ചിരുന്നു. എന്നാൽ ആ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയൊരു ആരാധകനാണ് താനെന്ന് നസീർ ഷാ പയുന്നു. 28കാരനായ ഇലക്ട്രീഷ്യനാണ് അദ്ദേഹം. ശ്രീനഗറിലാണ് അദ്ദേഹം ജോലിയെടുക്കുന്നത്. കഴിഞ്ഞ രണ്ടരവർഷ കാലമായി പല തരത്തിൽ മോദിയെ കാണാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പ്രധാനമന്ത്രി കശ്മീർ സന്ദർശനത്തിനായി വന്നപ്പോഴും നേരിൽ കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ കാണാൻ അനുവദിച്ചില്ലെന്നും നസീർ ഷാ വ്യക്തമാക്കി.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് കാരണം നിരവധി മാറ്റങ്ങൾ സംസ്ഥാനത്ത് കാണാനുണ്ട്. പ്രധാനമന്ത്രി എല്ലാ ശ്രദ്ധയും കശ്മീരിന് നൽകുന്നുണ്ട്. വികസന പ്രവർത്തനങ്ങൾ കശ്മീരിൽ നടക്കുന്നുണ്ടെന്നും ഷാ പറഞ്ഞു. വിദ്യാഭ്യാസമുണ്ടായിട്ടും തൊഴിൽ ഇല്ലാതെ ഇരിക്കുന്ന യുവാക്കളെ കുറിച്ചാണ് പ്രധാനമന്ത്രിയോട് സംസാരിക്കുക. വ്യാവസായിക മേഖല കശ്മീരിൽ വികസിപ്പിക്കുന്നതിനെ കുറിച്ചും സംസാരിക്കുമെന്ന് നസീർ ഷാ പറഞ്ഞു.
Comments