ദാറുസ്സലാം: ടാൻസാനിയയിലെ ഫ്രാൻസ് എംബസിക്ക് സമീപത്തുണ്ടായ വെടിവെയ്പ്പിൽ അഞ്ച് പേർ മരിച്ചു. കാറിൽ തോക്കുമായെത്തിയ യുവാവ് വെടിയുതിർക്കുകയായിരുന്നു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരനെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ കൈവശമുണ്ടായിരുന്ന റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചു.
റോഡിൽ പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. എംബസ്സിയുടെ സമീപത്തുള്ള കെട്ടിടത്തിന്റെ സുരക്ഷാ ചുമതയുണ്ടായിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരനാണ് കൊല്ലപ്പെട്ട മറ്റൊരാൾ. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രദേശത്ത് സ്ഥിതി ഇപ്പോൾ ശാന്തമാണെന്നും അക്രമി കൊല്ലപ്പെട്ടെന്നും ടാൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സൻ ട്വിറ്ററിൽ കുറിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെയും സുരക്ഷാ ജീവനക്കാരന്റെയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രസിഡന്റ് കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും പറഞ്ഞു.
അക്രമിയെ തിരിച്ചറിയുന്നതിനായി ഊർജ്ജിതമായ അന്വേഷണം നടക്കുന്നതായി പോലീസ് മേധാവി മാദ്ധ്യമങ്ങളോട് പറഞ്ഞു. എംബസ്സിയിലെയും സമീപ കെട്ടിടങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ചോദ്യം ചെയ്യുന്നതിനായി നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഫ്രാൻസ് അംബാസിഡറുടെ വക്താവ് ആവശ്യപ്പെട്ടു.
Comments