പട്‌ന : യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ബീഹാറിലെ ഗയയിലുള്ള മഹാബോധി ക്ഷേത്രം ആറുമാസത്തെ ഇടവേളക്കുശേഷം പൊതുജനങ്ങൾക്കായി തുറന്നു. ബുദ്ധമത വിശ്വാസികളുടെ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ് മഹാബോധി ക്ഷേത്രം.
കൊറോണ രണ്ടാം തരംഗത്തിന്റെ വ്യാപനം പ്രതിരോധിക്കുന്നതിനായി സംസ്ഥാന സർക്കാർ കഴിഞ്ഞ ഏപ്രിൽ മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് പൂർണമായി അടച്ചിട്ട ക്ഷേത്രം കഴിഞ്ഞ ദിവസമാണ് ആരാധനക്കായി തുറന്ന് കൊടുത്തത്. ബീഹാറിൽ നിലവിൽ രോഗബാധിതരുടെ എണ്ണം കുറഞ്ഞതിനെ തുടർന്നാണ് ഇളവുകൾ നൽകിയത്.
രാവിലെ 5 മണിമുതൽ വൈകീട്ട് 9 മണിവരെ പ്രവേശനം അനുവദിക്കുമെന്നും എല്ലാ ഭക്തജനങ്ങളും സഹകരിക്കണമെന്നും ക്ഷേത്ര മാനേജ്‌മെന്റ് കമ്മറ്റി നാങ്‌ജേ ഡോർജീ അറിയിച്ചു. ക്ഷേത്ര ശ്രീകോവിലിലേക്ക് ഒരേസമയം 10 പേർക്ക് എല്ലാ കൊറോണ മാനദണ്ഡങ്ങളും പാലിച്ചുപ്രവേശനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബുദ്ധമത വിശ്വാസികൾ എത്തിച്ചേരുന്ന സ്ഥലമാണ് മഹാബോധി ക്ഷേത്രം. ബുദ്ധമത സ്ഥാപകനായ ശ്രീബുദ്ധന് ബോധോദയം ഉണ്ടായ സ്ഥലമാണ് എന്നതുകൊണ്ടുതന്നെ തീർത്ഥാടകരുടെ നിലയ്‌ക്കാത്ത പ്രവാഹമായിരുന്നു ഇവിടേയ്‌ക്ക്. ബീഹാറന്റെ തലസ്ഥാനമായ പറ്റ്‌നയിൽ നിന്ന് 96 കിലോമീറ്റർ അകലെയാണ് ഗയ നഗരം.















