പല സിനിമകളുടേയും രണ്ടാം ഭാഗം ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ രണ്ടാം ഭാഗം ഇറങ്ങണമെന്ന് പ്രേക്ഷകന്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. കാരണം അത്രമാത്രം ആകാംക്ഷ ഉണര്‍ത്തുന്നതായിരുന്നു ആ ചിത്രത്തിന്റെ ക്ലൈമാക്‌സ്. ആ പൂച്ചയെ അയച്ചത് ആരാണ് എന്നറിയാന്‍ ഓരോ മലയാളിയും ഇന്നും കാത്തിരിക്കുന്നു. സുരേഷ് ഗോപി, ജയറാം, മോഹന്‍ലാല്‍, ജനാര്‍ദ്ദനന്‍, കലാഭവന്‍മണി, സുകുമാരി, മഞ്ജുവാര്യര്‍, മയൂരി തുടങ്ങി ഒരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നു.
1998 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. ഇപ്പോഴിതാ ഇരുപത്തി മൂന്നുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആ ചിത്രത്തിലെ ഡെന്നീസ് എന്ന കഥാപാത്രം എത്രത്തോളം പ്രിയപ്പെട്ടതാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുകയാണ് സുരേഷ് ഗോപി.’മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥപോലെ വിചിത്രം.എന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന, എനിക്ക് പൂര്‍ണ്ണതൃപ്തി നല്‍കിയ ഒരു കഥാപാത്രമാണ് ഡെന്നിസ്. മാന്ത്രികത കാട്ടുന്ന അനാഥനായ കോടീശ്വരനെക്കാളുപരി മനുഷ്യസ്‌നേഹിയായ ഡെന്നിസിനെ അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു ‘. എന്ന കുറിപ്പോടെയാണ് താരം സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുന്നത്.















