കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് 12 വയസ്സുകാരൻ മരിച്ച പശ്ചാത്തലത്തിൽ മാർഗ്ഗ നിർദ്ദേശവുമായി കേന്ദ്രസർക്കാർ. കോഴിക്കോടിന്റെ സമീപ ജില്ലകളായ കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തിൽ പറയുന്നു. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ചീഫ് സെക്രട്ടറി വി.പി ജോയ്‌ക്ക് അയച്ച കത്തിലാണ് നിർദ്ദേശങ്ങളുള്ളത്.
നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് നേരത്തെ കേന്ദ്ര സംഘം സന്ദർശിച്ചിരുന്നു. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽ നിന്നുള്ള സംഘമാണ് വീട് സന്ദർശിച്ചത്. കേന്ദ്രസംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ സെക്രട്ടറി വി.പി ജോയ്‌ക്ക് കത്തയച്ചത്. നിപ്പ സ്ഥിരീകരിച്ച കോഴിക്കോടിന്റെ സമീപ ജില്ലകളായ കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ ജാഗ്രത വേണമെന്നാണ് കത്തിലെ പ്രധാന നിർദ്ദേശം.
രോഗികളുമായി സമ്പർക്കമുള്ളവരെ ഹൈ റിസ്‌ക് കോൺടാക്ട്‌സ്, ലോ റിസ്‌ക് കോൺടാക്ട്‌സ്, എന്നിങ്ങനെ രണ്ടായി തിരിക്കണം. ആന്റിബോഡി മരുന്നായ റിബാവെറിൻ, ആരോഗ്യ സംരക്ഷണ ഉപകരണങ്ങൾ എന്നിവ ഉറപ്പുവരുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സംസ്ഥാനത്തെ കൊറോണ, നിപ സാഹചര്യം വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ഓൺലൈൻ വഴി ചേർന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജും അറിയിച്ചു.















