തൃശൂർ: രാജ്യസേവന മനോഭാവമുള്ള മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റ് ഫോർ കൾച്ചറൽ ആൻഡ് സയന്റിഫിക് റിസർച്ച് ആരംഭിച്ച ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പരിശീലന പദ്ധതിക്ക് തുടക്കമായി.
പത്ത് വർഷം ദൈർഘ്യമുള്ള ഈ ദീർഘകാല പരിശീലന പദ്ധതിയുടെ ഉദ്ഘാടനം കേരള യുവജന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് IAS നിർവഹിച്ചു. ചെറുപ്പം മുതൽ വിദ്യാർഥികളെ സിവിൽ സർവീസ് ലക്ഷ്യമാക്കി ശാസ്ത്രീയവും മൂല്യാധിഷ്ഠിതവുമായി പരിശീലിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 6,718 വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചു. വിവിധ ഘട്ടങ്ങളിലായുള്ള കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് ശേഷം 132 വിദ്യാർഥികളെയാണ് ആദ്യ ബാച്ചിലേക്ക് തെരഞ്ഞെടുത്തത്. നിലവിൽ 18 ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു.
പരിപാടിയിൽ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. മനോജ് ദത്തൻ, സെക്രട്ടറി കം ട്രഷറർ ഡോ. ഷിബു ബാലകൃഷ്ണൻ, ബബുരാം ബി, സജ്ജു എം.ജി, അഭിരാമി വി.എസ് എന്നിവർ പങ്കെടുത്തു.
രാജ്യനിർമാണത്തിൽ നിർണായക പങ്കുവഹിക്കുന്ന സത്യസന്ധരും സേവനസന്നദ്ധരുമായ ഭരണാധികാരികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.















